
സോമാലിയയില്‍ ആയുധക്കപ്പല്‍ കൊള്ളക്കാര്‍ റാഞ്ചി; ബന്ദികളില്‍ ആറ് ഇന്ത്യക്കാരുള്‍പ്പെടെ 10 ജീവനക്കാര്‍
മൊഗാദിഷു: സോമാലിയന്‍ തീരത്ത് വച്ച് ആയുധങ്ങളും വാര്‍ത്താവിനിമയ സാറ്റലൈറ്റ് ഉപകരണങ്ങളുമായി പോയ ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. തുര്‍ക്കി സൈന്യത്തിനായി കാമറൂണ്‍ പതാകയേന്തി സഞ്ചരിച്ച എം.വി ലുതുഫ് എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. കപ്പലില്‍ ഉണ്ടായിരുന്ന പത്തംഗ ജീവനക്കാരെ കൊള്ളക്കാര്‍ ബന്ദികളാക്കിയിരിക്കുകയാണ്. ഇതില്‍ ആറ് പേര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് സോമാലിയന്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പോളാര്‍ മൂവ്മെന്റ് ഷിപ്പിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഈ കപ്പല്‍, മൊഗാദിഷുവിലെ തുര്‍ക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് സാമഗ്രികള്‍ എത്തിക്കാനുള്ള യാത്രയിലായിരുന്നു. പന്‍ഡ്‌ലാന്‍ഡിലെ ഐല്‍ ജില്ലയിലുള്ള മരയ്യ തീരത്ത് നിന്ന് മൂന്നര നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് കൊള്ളസംഘം കപ്പല്‍ കസ്റ്റഡിയിലെടുത്തത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് പുറമെ ഒരു തുര്‍ക്കി പൗരനും ഒരു ജോര്‍ജിയന്‍ പൗരനും രണ്ട് സെര്‍ബിയന്‍ സുരക്ഷാ ജീവനക്കാരുമാണ് കപ്പലില്‍ ബന്ദികളാക്കപ്പെട്ടിട്ടുള്ളത്
