
വിക്ഷേപിച്ച റോക്കറ്റ് വിജയകരമായി തിരിച്ചിറക്കി; സ്‌പേസ് എക്‌സിനും ബ്ലൂ ഒറിജിനുമൊപ്പം ചൈനയുടെ ലാന്‍ഡ്സ്പേസും
ബെയ്ജിങ്: ബഹിരാകാശ ഗവേഷണ രംഗത്ത് സുപ്രധാന നേട്ടവുമായി ചൈനീസ് സ്വകാര്യ ബഹിരാകാശ കമ്പനി. ബഹിരാകാശ വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റ് വിജയകരമായി ഭൂമിയില്‍ തിരിച്ചിറക്കിയാണ് ചൈനീസ് സ്വകാര്യ ബഹിരാകാശ കമ്പനിയായ ലാന്‍ഡ്സ്പേസ് വലിയ നേട്ടം സ്വന്തമാക്കിയത്.
ഴുക്-3 എന്ന റോക്കറ്റിന്റെ ഫസ്റ്റ് സ്റ്റേജാണ് തിരിച്ചിറക്കിയത്. ഇതോടെ റോക്കറ്റ് പുനരുപയോഗ സാങ്കേതിക വിദ്യയില്‍ സ്വകാര്യ കമ്പനികളായ സ്‌പേസ് എക്‌സിനും ബ്ലൂ ഒറിജിനുമൊപ്പം ലാന്‍ഡ്സ്പേസും ഇടം നേടി.
വടക്കു പടിഞ്ഞാറന്‍ ചൈനയില്‍ നിന്ന് വിക്ഷേപിച്ച ഴുക്-3യുടെ ഫസ്റ്റ് സ്റ്റേജ് ഏകദേശം 390 കിലോ മീറ്റര്‍ അകലെയുള്ള ഗാന്‍സു പ്രവിശ്യയിലാണ് തിരിച്ചിറങ്ങിയത്.
ഒമ്പത് ബൂസ്റ്റര്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് ലാന്‍ഡിങ് കാലുകള്‍ ഉപയോഗിച്ചാണ് റോക്കറ്റ് സുരക്ഷിതമായി ഇറക്കിയത്. 66.1 മീറ്റര്‍ ഉയരമുള്ള ഴുക്-3 റോക്കറ്റില്‍ മീഥേനും ദ്രവ ഓക്‌സിജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്
