
യു.എ.ഇ ദേശീയ ദിനം : അഞ്ച് ദിവസം അവധി
ഷാർജ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി ലഭിക്കും. ഡിസംബർ രണ്ട് ബുധൻ, ഡിസംബർ മൂന്ന് എന്നീ ദിവസങ്ങളിലാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഷാർജ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപാർട്മെന്റ് അറിയിച്ചു. വെള്ളി മുതൽ ഞായർ വരെയുള്ള ഷാർജയിലെ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി കൂടി ചേരുന്നതോടെ ജീവനക്കാർക്ക് ഡിസംബർ രണ്ടുമുതൽ ആറുവരെ തുടർച്ചയായി അഞ്ച് ദിവസം അവധി ലഭിക്കും.
അവധി ദിവസങ്ങൾക്ക് ശേഷം ഡിസംബർ ഏഴ് തിങ്കളാഴ്ച മുതൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സാധാരണ നിലയിൽ പുനരാരംഭിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി. അതേസമയം, ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് ഈ അവധി ബാധകമായിരിക്കില്ല.
നേരത്തെ ദുബൈ സർക്കാർ ഹ്യൂമൻ റിസോഴ്സസ് ഡിപാർട്മെന്റും ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. രണ്ടു ദിവസത്തെ വാരാന്ത്യ അവധിയുള്ള ദുബൈയിൽ ഡിസംബർ നാല് വെള്ളിയാഴ്ച കൂടി ഔദ്യോഗിക അവധിയായി നൽകിയാണ് അഞ്ച് ദിവസത്തെ അവധി ക്രമീകരിച്ചത്. ഫെഡറൽ സർക്കാർ ജീവനക്കാർക്കും ഡിസംബർ രണ്ടുമുതൽ നാലുവരെ അവധി നൽകിയതോടെ ശനി, ഞായർ വാരാന്ത്യ അവധികൾ ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കും.
