കോവിഡില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്ര സഹായം 10 ലക്ഷം രൂപ; വിദ്യാഭ്യാസം സൗജന്യം
ന്യൂഡൽഹി: കോവിഡ് ബാധയെ തുടർന്ന് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരോ കുട്ടിക്കും പിഎം കെയേഴ്സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അടക്കം നൽകുന്ന ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്.
10 ലക്ഷം രൂപ ഉപയോഗിച്ച് 18 വയസ്സ് മുതൽ 23 വയസ്സ് വരെ മാസം തോറും കുട്ടിക്ക് സ്റ്റൈപൻഡ് നൽകും ഇത് ഉന്നത വിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യത്തിനും ചെലവഴിക്കാം. ബാക്കി തുക 23 വയസ്സ് പൂർത്തിയാവുമ്പോൾ നൽകും. കുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും സൗജന്യമായിരിക്കും.
10 വയസ്സി ൽ താഴെയുള്ള കുട്ടിയാണെങ്കിൽ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്കൂളിലോ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഫീസും യൂണിഫോമിന്റേയും പുസ്തകങ്ങളുടേയും ചെലവ് പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് നൽകും.
10 വയസ്സിന് മുകളിലുള്ള കുട്ടിയാണെങ്കിൽ സൈനിക് സ്കൂൾ, നവോദയ തുടങ്ങിയ റെസിഡൻഷ്യൽ സ്കൂളുകളിൽ പഠിപ്പിക്കും. മറ്റേതെങ്കുിലും രക്ഷിതാവുണ്ടെങ്കിൽ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്കൂളിലോ ചേർന്ന് പഠിക്കാം. ചെലവ് സർക്കാർ വഹിക്കും.
ഇത്തരം കുട്ടികളുടെ ഇന്ത്യയ്ക്കുള്ളിൽ തന്നെയുള്ള ഉന്നത വിദ്യാഭ്യാസത്തിനായി ബാങ്ക് വായ്പ ലഭ്യമാക്കാൻ സഹായിക്കും. പലിശ പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് നൽകും. ട്യൂഷൻ ഫീസിനായി സ്കോളർഷിപ്പുകൾ ലഭ്യമാക്കും. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കീഴിൽ 18 വയസ്സ് വരെ കുട്ടികൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തും. കുട്ടികൾ രാജ്യത്തിന്റെ ഭാവിയാണ്. അവരെ സംരക്ഷിക്കാനായി ആവശ്യമുള്ളതെല്ലാം ചെയ്യും. സമൂഹമെന്ന നിലയ്ക്ക് അത് നമ്മുടെ കടമയാണെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു