ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘര്‍ഷം കനക്കുന്നു

0

റിയാദ്/സന: റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘര്‍ഷം കനക്കുന്നു. ഇരുവിഭാഗവും ശക്തമായ ആക്രമണമാണ് നടത്തുന്നത്. യമനിലെ ഹാര്‍ഫ് സൂഫ്യാന്‍, അല്‍ഖ്വാനാവിസ് ജില്ലകളിലും കമരാന്‍ ദ്വീപിലും കഴിഞ്ഞ മൂന്ന് മണിക്കൂറിനിടയില്‍ സൗദി വ്യോമാക്രമണം നടത്തി. കാമ്രാന്‍ ദ്വീപില്‍ രണ്ട് തവണയാണ് വ്യോമാക്രമണം നടന്നതെന്ന് ഹൂതികളുടെ ഔദ്യോഗിക മാധ്യമമായ അല്‍മാസിറ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവയ്ക്ക് പുറമേ അല്‍ ഹാസ്വം ജില്ലയെ ലക്ഷ്യമിട്ടും സൗദി ആക്രമണം നടത്തിയിട്ടുണ്ട്. സൗദി ആക്രമണം ബാധിക്കപ്പെട്ടവരില്‍ അറുപത് ശതമാനത്തിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍മാസിറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂരിഭാഗം വ്യോമാക്രമണങ്ങളും തായിസ്, സദാഹ്, അല്‍ ജോഫ് പ്രവിശ്യകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ മൂന്ന് മുതല്‍ പതിമൂന്ന് പ്രവിശ്യകള്‍ കേന്ദ്രീകരിച്ച് സൗദി നടത്തിയ ആക്രമണത്തില്‍ 107പേര്‍ കൊല്ലപ്പെട്ടെന്നും 278 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഹൂതികളുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. അതിനിടയില്‍ യെമനിലെ സായുധ സേന സൗദിയിലെ ഖാമിസ് മുസായിദ് വ്യോമത്താളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി.

You might also like