ട്രെയിനിൽ സ്പീക്കറിൽ പാട്ടുവെയ്ക്കുന്നതിനും ഉച്ചത്തിൽ സംസാരിക്കുന്നതിനുമെതിരെ നടപടി ശക്തമാക്കി റെയിൽവേ

0

ചെന്നൈ: ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ സ്പീക്കർ മോഡ് ഉപയോഗിച്ച് ഉച്ചത്തിൽ പാട്ടും വീഡിയോയും കേൾക്കുന്നവർക്കും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സംസാരിക്കുന്നവർക്കുമെതിരെ നടപടി കടുപ്പിച്ച് റെയിൽവേ. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവരിൽ നിന്ന് 1,000 രൂപ വരെ പിഴ ഈടാക്കാനാണ് പുതിയ തീരുമാനം. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഈ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ ദക്ഷിണ റെയിൽവേ തങ്ങളുടെ ഡിവിഷണൽ ഓഫീസുകൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സ്മാർട്ട് ഫോണുകളുടെയും മൊബൈൽ ഇന്റർനെറ്റിന്റെയും വ്യാപനത്തോടെ യാത്രക്കാർ സ്പീക്കറിലൂടെ ഉച്ചത്തിൽ വീഡിയോകളും ഓഡിയോകളും കേൾക്കുന്നത് വ്യാപകമായിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ വാണിജ്യ വിഭാഗം പുറത്തിറക്കിയ പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

യാത്രക്കാരുടെ സൗകര്യവും സമാധാനപരമായ യാത്രയും ഉറപ്പാക്കുന്നതിനായി റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും അനൗൺസ്‌മെന്റുകളിലൂടെയും ബോധവൽക്കരണ സന്ദേശങ്ങളിലൂടെയും ജനങ്ങളെ വിവരമറിയിക്കാനും നിർദ്ദേശമുണ്ട്. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾക്കു പുറമേ ഹിന്ദിയിലും ഇംഗ്ലീഷിലും കൃത്യമായ മുന്നറിയിപ്പ് അറിയിപ്പുകൾ നൽകണം. യാത്ര ചെയ്യുമ്പോൾ സ്പീക്കർ മോഡിൽ പാട്ടുകളും വീഡിയോകളും കേൾക്കരുതെന്നും, അപരിചിതർക്കും സഹയാത്രക്കാർക്കും ശല്യമുണ്ടാക്കുന്ന വിധത്തിൽ ഉച്ചത്തിൽ സംസാരിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും അറിയിപ്പുകളിൽ വ്യക്തമാക്കും.
You might also like