
ഉക്രെയ്നില് വീണ്ടും റഷ്യന് ഡ്രോണ് ആക്രമണം: കാരിത്താസ് സ്പെസിന്റെ ഓഫീസ് തകര്ന്നു
കീവ്: ഉക്രെയ്നിലെ ഒഡേസ നഗരത്തിലുണ്ടായ റഷ്യന് ഡ്രോണ് ആക്രമണത്തില് കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സംഘടനയായ ‘കാരിത്താസ് സ്പെസിന്റെ’ കെട്ടിടത്തിന് സാരമായ കേടുപാടുകള് സംഭവിച്ചു. ജീവനക്കാരും സന്ദര്ശകരും വലിയൊരു ദുരന്തത്തില് നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ആക്രമണം നടക്കുന്നതിന് വെറും ഏഴ് മിനിറ്റ് മുന്പ് മാത്രമാണ് യുദ്ധം മൂലമുള്ള മാനസിക ബുദ്ധിമുട്ടുകള് അനുഭവിക്കുന്ന സൈനികര്ക്കായുള്ള കൗണ്സിലിംഗ് സെഷന് ഇവിടെ അവസാനിച്ചത്.
പങ്കെടുത്തിരുന്നവരും ജീവനക്കാരും വീടുകളിലേക്ക് മടങ്ങി ഏതാനും മിനിട്ടുകള്ക്ക് ശേഷമാണ് സ്ഥാപനത്തിന് നേരെ ആക്രമണം നടന്നത്. സ്ഫോടനത്തിന്റെ ആഘാതത്തില് കെട്ടിടത്തിന്റെ ചില്ലുകളും വാതിലുകളും തകര്ന്നു. ആര്ക്കും പരിക്കുകളില്ലെന്ന് അധികൃതര് വ്യക്തമാക്കി. നഗരത്തിലെ മുനിസിപ്പല് സേവനങ്ങളുടെ സഹായത്തോടെ തകര്ന്ന വാതിലുകളും ജനലുകളും തല്ക്കാലത്തേക്ക് പാനലുകള് വച്ച് അടച്ചിട്ടുണ്ട്. എങ്കിലും കെട്ടിടം പൂര്ണമായും നന്നാക്കി സുരക്ഷിതമാക്കുന്നത് വരെ ഇവിടെ നടന്നിരുന്ന എല്ലാ ഗ്രൂപ്പ്, വ്യക്തിഗത കൗണ്സിലിംഗ് സെഷനുകളും താല്ക്കാലികമായി നിര്ത്തിവച്ചതായി കാരിത്താസ് സ്പെസ് വക്താവ് അറിയിച്ചു
