
ഭരണഘടനാ സ്ഥാപനങ്ങള് അപകടത്തിലാവുമ്പോള് പ്രതിരോധിക്കേണ്ട കടമ ഭരണഘടനാ കോടതികള്ക്കുണ്ടെന്ന് സുപ്രീം കോടതി മുന് ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്
കൊച്ചി: ഭരണഘടനാ സ്ഥാപനങ്ങള് അപകടത്തിലാവുമ്പോള് പ്രതിരോധിക്കേണ്ട കടമ ഭരണഘടനാ കോടതികള്ക്കുണ്ടെന്ന് സുപ്രീം കോടതി മുന് ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്. സുപ്രീം കോടതി ഭരണഘടനയുടെ കാവല്ക്കാരനാണ്. എന്നാല് കേവലം കുരയ്ക്കുകയോ മുന്നറിയിപ്പുകള് നല്കുകയോ ചെയ്തിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെങ്കില് ആ കാവല് നായ കടിക്കാനും ബാധ്യസ്ഥനാണെന്ന് അദ്ദേഹം ഓര്മ്മിപ്പിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്ത അഭിഭാഷക പരിപാടിയുടെ ഭാഗമായി കൊച്ചിയില് സംഘടിപ്പിച്ച ‘തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയില് വിട്ടുവീഴ്ചയോ’ എന്ന വിഷയത്തില് സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കുര്യന് ജോസഫ്.
‘പാര്ലമെന്റും കോടതികളും പരാജയപ്പെടുമ്പോള്, നമ്മെ രക്ഷിക്കാന് തെരുവുകള് മുന്നോട്ടു വരും’ എന്ന ലോഹ്യയുടെ വാക്കുകള് ഇന്നത്തെ സാഹചര്യത്തില് പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനയെ സംരക്ഷിക്കാന് ഇറങ്ങി തിരിക്കുക എന്ന മൗലികമായ കടമയാണ് യുവ സമൂഹം ചെയ്തു കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനയുടെ മൂല്യങ്ങള് ഉള്ക്കൊള്ളാനും ജനാധിപത്യം സംരക്ഷിക്കാനും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു
