കേരളത്തിലേക്ക് വരികയായിരുന്ന ബസും ലോറിയും മൈസൂരുവില്‍ കൂട്ടിയിടിച്ചു; മൂന്ന് മലയാളികള്‍ അടക്കം നാല് പേര്‍ മരിച്ചു

0

മൈസൂരു: കര്‍ണാടകയില്‍ മൈസൂരുവിന് സമീപം പെരിയ പട്ടണത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ അടക്കം നാല് പേര്‍ മരിച്ചു. ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസാണ് പുലര്‍ച്ചെ 3.45 ഓടെ അപകടത്തില്‍ പെട്ടത്.

ബസ് ഡ്രൈവര്‍ മൈസൂരു സ്വദേശി സുനില്‍, ബസ് ക്ലീനര്‍ മലയാളി സുഹൈല്‍, കോഴിക്കോട് മാങ്കാവ് സ്വദേശി സജേഷ്, ബേപ്പൂര്‍ സ്വദേശി അഫ്താബ് എന്നിവരാണ് മരിച്ചത്. നാലു പേരുടെയും മൃതദേഹങ്ങള്‍ പെരിയ പട്ടണത്തെ സര്‍ക്കാര്‍ ആശുപത്രിയിലാണ്. മരിച്ചതെല്ലാം ഡ്രൈവര്‍ കാബിനില്‍ ഉണ്ടായിരുന്നവരാണെന്നാണ് വിവരം.

അപകടത്തില്‍ പരിക്കേറ്റ 15 പേരെ പെരിയ പട്ടണം, മൈസൂരു എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ എട്ടു പേരുടെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.

മുപ്പത് പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു ഇരു വാഹനങ്ങളും. ലോറി പെട്ടെന്ന് ഇടത്തേക്ക് വെട്ടിച്ചതാണ് അപകടകാരണമെന്നാണ് സൂചന

You might also like