ഇസ്രയേല്‍ മുന്‍ കമാന്‍ഡോ, ശതകോടീശ്വരന്‍; ബെനറ്റിന്റെ വരവില്‍ പലസ്തീനിലും ആശങ്ക
ജറുസലം∙ ഇസ്രയേലില്‍ ഭരണത്തിനായി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും പ്രതിപക്ഷ കക്ഷികളും തമ്മില്‍ പൊരിഞ്ഞ പോര് നടക്കുമ്പോള്‍ ചങ്കിടിപ്പേറുന്നത് പലസ്തീന്‍കാര്‍ക്ക്. അധികാരത്തില്‍ തുടരാന്‍ നെതന്യാഹു നടത്തിയ അവസാന ശ്രമങ്ങളും പരാജയപ്പെട്ടതോടെ 12 വര്‍ഷം നീണ്ട നെതന്യാഹു യുഗം ഇസ്രയേലില്‍ അവസാനിക്കുമെന്നാണു നിരീക്ഷകര്‍ വിലയിരുത്തുന്നത്.
തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ കിങ്‌മേക്കറായി കളം നിറയുന്നത് ശതകോടീശ്വരനും തീവ്രവലതുപക്ഷ യമിന പാര്‍ട്ടിയുടെ നേതാവുമായ നഫ്താലി ബെനറ്റ് ആണ്. ബെനറ്റ് പ്രതിപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇസ്രയേലില്‍ പുതിയ സര്‍ക്കാരിനു വഴിയൊരുങ്ങുന്നത്.
പിടിച്ചതിലും വലുതാണോ അളയില്‍ എന്ന ആശങ്കയാണ് ഇസ്രയേല്‍ – പലസ്തീന്‍ വിഷയം കൈകാര്യം ചെയ്യുന്ന പലര്‍ക്കുമുള്ളത്. തീവ്രനിലപാടുകളുള്ള നഫ്താലി ബെനറ്റ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നാണു വിലയിരുത്തല്‍. വെസ്റ്റ് ബാങ്കിലെ അധിനിവേശ മേഖലകള്‍ മുഴുവനായും ഇസ്രയേലിനൊപ്പമാക്കുകയെന്ന സ്വപ്‌നം പേറുന്ന ബെനറ്റ്, പലസ്തീന്‍ രൂപീകരണം, ഇസ്രയേലിനെ സംബന്ധിച്ച് ആത്മഹത്യാപരമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന നേതാവു കൂടിയാണ്.
രാജ്യത്തെ ഒരു വലിയ രാഷ്ട്രീയ ദുരന്തത്തില്‍നിന്നു രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ചേരുകയാണെന്നാണ് ഞായറാഴ്ച ബെനറ്റ് പറഞ്ഞത്. ഇതോടെയാണ് ഇസ്രയേലില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷകക്ഷികള്‍ തമ്മില്‍ ധാരണ ഉടലെടുത്തത്. പ്രതിപക്ഷ നേതാവ് യയ്ര്‍ ലപീദിന്റെ (57) നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു നഫ്താലി ബെനറ്റ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 2023 സെപ്റ്റംബര്‍ വരെ താന്‍ പ്രധാനമന്ത്രിയായിരിക്കുമെന്നാണ് ബെനറ്റ് ഞായറാഴ്ച പറഞ്ഞത്.
രണ്ടു മാസം മുന്‍പു നടന്ന തിരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡ് പാര്‍ട്ടിയുടെ തലവനായ നെതന്യാഹുവിനെയാണു സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റ് ആദ്യം ക്ഷണിച്ചത്. എന്നാല്‍ ആവശ്യമായ പിന്തുണ നേടിയെടുക്കാന്‍ കഴിയാതെ വന്നതോടെ രണ്ടാമത്തെ വലിയ കക്ഷിയായ യെഷ് അതീദ് പാര്‍ട്ടിയുടെ തലവനായ ലപീദിനെ ക്ഷണിച്ചു.
യമിന പാര്‍ട്ടി നേതാവ് നഫ്താലി ബെനറ്റ് കിങ് മേക്കറായതോടെ പ്രധാനമന്ത്രി സ്ഥാനമാണ് ആവശ്യപ്പെടുന്നത്. ആദ്യ പകുതി ബെനറ്റിന് അവസരം നല്‍കി ഈ ധാരണയ്ക്കു ലപീദ് വഴങ്ങുമെന്നാണ് ഇസ്രയേല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബുധനാഴ്ച വരെയാണ് കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്കു നല്‍കിയിരിക്കുന്ന സമയം. ബെനറ്റിന്റെ നയങ്ങളുടെ കടുത്ത വിമര്‍ശകരായ അറബ് പാര്‍ട്ടിയുടെ പുറത്തുനിന്നുളള പിന്തുണയോടെയാണു പ്രതിപക്ഷ സര്‍ക്കാര്‍ വരിക.