രോഗികളിൽ നിന്നും 10 രൂപ; ജവാന്മാർക്കും അനാഥർക്കും സൗജന്യ ചികിത്സ; ആതുര സേവനത്തിന് മാതൃകയായി ക്രൈസ്തവ വിശ്വാസിയായ ഡോക്ടർ വിക്ടർ ഇമ്മാനുവൽ

0

 

 

ഹൈദരാബാദ് : ആതുര സേവനം സമൂഹ സേവനമാണെന്ന് ജീവിതം കൊണ്ട് പഠിപ്പിക്കുകയാണ് ഹൈദരാബാദിലെ ഡോക്ടർ വിക്ടർ ഇമ്മാനുവൽ.

ചികിത്സയ്ക്കായി തന്നെ തേടിയെത്തുന്ന രോഗികളിൽ നിന്നും കേവലം 10 രൂപ മാത്രം വാങ്ങിയാണ് വിക്ടർ മാതൃകയാകുന്നത്. പണത്തെക്കാൾ സമൂഹ നന്മയാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഇമ്മാനുവൽ പറുയന്നു.

മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 2018 ലാണ് അദ്ദേഹം സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചത്. വിദ്യാഭ്യാസത്തിനായി വൻ തുക ചിലവഴിക്കേണ്ടിവന്ന അദ്ദേഹം ക്ലിനിക്ക് ആരംഭിച്ചതോടെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലായി. എങ്കിലും ചികിത്സ എന്നത് സമൂഹ സേവനമാണെന്ന് തന്നെയായിരുന്നു അദ്ദേഹം മനസ്സിൽ കുറിച്ചിട്ടത്.

തന്നെ തേടിവരുന്ന രോഗികളിൽ നിന്നും 10 രൂപയായിരുന്നു അദ്ദേഹം വാങ്ങിച്ചിരുന്നത്. പണമില്ലാത്തവർക്ക് മരുന്നുകൾ പോലും സൗജന്യമായി നൽകി. ജവാന്മാർക്ക് സൗജന്യ ചികിത്സ നൽകി അദ്ദേഹം രാജ്യ സേവനത്തിലും പങ്കാളിയായി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ ചികിത്സിയ്ക്കാൻ 20,000 മുതൽ 25,000 രൂപവരെയാണ് ഡോക്ടർമാർ വാങ്ങിക്കുന്നത്. എന്നാൽ ഐസിയു കിടക്കകൾ പോലും രോഗികൾക്ക് സൗജന്യമായി നൽകിയാണ് വിക്ടർ ഇമ്മാനുവൽ ഈ കൊറോണക്കാലത്ത് മാതൃക കാണിക്കുന്നത്.

സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചതെന്ന് വിക്ടർ ഇമ്മാനുവൽ പറയുന്നു. ഇതേ തുടർന്നാണ് വർഷങ്ങളായി 10 രൂപ മാത്രം രോഗികളിൽ നിന്നും വാങ്ങുന്നത്. ജവാന്മാർക്ക് പുറമേ കർഷകർ, ആസിഡ് ആക്രമണത്തിന് ഇരകളായവർ, അനാഥർ, വിദ്യാംഗർ എന്നിവർക്കും ചികിത്സ സൗജന്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തുടക്കത്തിൽ ആരും തന്നെ ക്ലിനിക്കിൽ എത്തിയിരുന്നില്ല. എന്നാൽ പിന്നീട് ആളുകൾ തന്റെ ക്ലിനിക് അന്വേഷിച്ച് എത്താൻ തുടങ്ങി. സൗജന്യ ചികിത്സ നൽകാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ താൻ സഹതാപം തോന്നിയാണ് ചികിത്സിക്കുന്നത് എന്ന തോന്നൽ രോഗികൾക്ക് ഉണ്ടാകരുത്. അതുകൊണ്ടാണ് പത്ത് രൂപ വാങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like