ദരിദ്ര രാഷ്ട്രങ്ങള്‍ക്കു വാക്സിന്‍: പാപ്പയുടെ ശ്രമങ്ങള്‍ക്ക് 10 ലക്ഷം ഡോളര്‍ വത്തിക്കാന് സംഭാവന ചെയ്ത് ദക്ഷിണ കൊറിയ

0

സിയോള്‍: സമ്പന്ന രാഷ്ട്രങ്ങള്‍ക്കൊപ്പം ദരിദ്ര രാഷ്ട്രങ്ങള്‍ക്കും കോവിഡ്-19 പ്രതിരോധ വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള വത്തിക്കാന്റെ ശ്രമങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് ദക്ഷിണ കൊറിയയിലെ സിയോള്‍ അതിരൂപതയുടെ മാതൃക. പത്തു ലക്ഷം യു.എസ് ഡോളറാണ് ഇതിനായി സിയോള്‍ അതിരൂപത വത്തിക്കാന് സംഭാവന ചെയ്തത്. ലോകത്തെ മുഴുവന്‍ രാഷ്ട്രങ്ങളിലേയും ജനങ്ങള്‍ക്ക് പ്രതിരോധ മരുന്ന് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ബോധവല്‍ക്കരണവും, ധനസമാഹരണ യജ്ഞവും വഴിയാണ് സിയോള്‍ അതിരൂപത സംഭാവനയ്ക്കുള്ള ഫണ്ട് സമാഹരിച്ചത്. ആഗോളതലത്തില്‍ കോവിഡ് വാക്സിന്‍ ലഭ്യമാക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനമനുസരിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 8 മുതല്‍ 12 വരെ ചേര്‍ന്ന കൊറിയന്‍ മെത്രാന്‍ സമിതിയുടെ (സി.ബി.സി.കെ) യോഗത്തിലാണ് “വാക്സിന്‍ ഷെയറിംഗ് കാമ്പയിന്‍” ആരംഭിക്കുവാന്‍ തീരുമാനമായത്.

സിയോള്‍ അതിരൂപതയിലെ 234 ഇടവകകളും, വിവിധ സംഘടനകളും ധനസമാഹരണത്തില്‍ പങ്കുചേര്‍ന്നു. 1989-ല്‍ സിയോളില്‍ നടന്ന നാല്‍പ്പത്തിനാലാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനിടയില്‍ സ്ഥാപിതമായ “ഒരൊറ്റ ശരീരം ഒരൊറ്റ ആത്മാവ്” എന്ന എക്ലേസ്യല്‍ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് ധനസമാഹരണം സംഘടിപ്പിച്ചത്. പ്രതിരോധ മരുന്നിന്റെ ആഗോള വിതരണത്തിന് (പ്രത്യേകിച്ച് ദരിദ്രരാഷ്ട്രങ്ങളിലെ) നേരിട്ട് സഹായം നല്‍കുക എന്നതായിരുന്നു ധനസമാഹരണത്തിന്റെ ലക്ഷ്യം. ദരിദ്ര രാഷ്ട്രങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പ്രതിരോധ മരുന്ന് ലഭ്യമാക്കണമെന്ന വികസിത രാഷ്ട്രങ്ങളോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം ചേര്‍ത്തുവെച്ചുകൊണ്ടായിരുന്നു സിയോള്‍ അതിരൂപത ഉദ്യമത്തിനിറങ്ങിയത്.

കോവിഡ് കാലത്ത് ധനിക-ദരിദ്ര രാഷ്ട്രങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിച്ചതായി അതിരൂപതയുടെ ഔദ്യോഗിക വക്താവായ ഫാ. മത്തിയാസ് യെങ്-യുപ് ഹുര്‍ ഏജന്‍സിയ ഫിദെസിനയച്ച സന്ദേശത്തില്‍ കുറിച്ചു. പ്രബന്ധങ്ങളെ ഒരുമിച്ച് മറികടക്കുന്നതിനുള്ള ഒരു ചെറിയ പടിയായി ധനസമാഹരണയജ്ഞം മാറുമെന്ന് അതിരൂപതയിലെ വിശ്വാസികള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. കൊറിയയിലെ ആദ്യത്തെ കത്തോലിക്കാ വൈദികനും, കൊറിയയുടെ മധ്യസ്ഥനുമായ വിശുദ്ധ ആന്‍ഡ്ര്യൂ കിം ടായി-ഗോണിന്റെ ഇരുനൂറാമത് ജൂബിലി ആഘോഷത്തിന്റെ അവസാനദിനമായ 2021 നവംബര്‍ 27 വരെ ധനസമാഹരണം നീളും.

You might also like