ബുര്‍ക്കിന ഫാസോയിലെ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 160 ആയി, പ്രാര്‍ത്ഥനയും പിന്തുണയും അറിയിച്ച് പാപ്പ

0

ഔഗഡൗഗൗ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 160 ആയി. 2015നു ശേഷം പടിഞ്ഞാറൻ ആഫ്രിക്കയിൽ ഒറ്റയടിക്ക് നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയായാണ് സംഭവത്തെ നിരീക്ഷിക്കുന്നത്. നൈജർ, മാലി രാജ്യങ്ങളുമായി ബുർക്കിന ഫാസോ അതിർത്തി പങ്കിടുന്ന സൊൽഹാൻ മേഖലയിലെ മൂന്നു കുഴിമാടങ്ങളിൽ നിന്നു 160 മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇസ്ലാമിക തീവ്രവാദ സംഘടനകളായ അൽഖായിദ, ഐഎസ് ഭീകര സംഘടനകളുമായി ബന്ധമുള്ള മറ്റ് ഗ്രൂപ്പുകള്‍ താദാര്യത്ത് എന്ന ഗ്രാമത്തിലെ 14 പേരെ വധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ശനിയാഴ്ചയും ഉണ്ടായ ആക്രമണത്തിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്.

പ്രാകൃതമായ ആക്രമണമാണ് ഭീകരവാദികള്‍ നടത്തിയതെന്ന് പ്രസിഡന്റ് റോച്ച് മാര്‍ക് ക്രിസ്റ്റിയന്‍ കബോറെ പറഞ്ഞു. മൂന്ന് ദിവസത്തെ ദേശീയ ദു:ഖാചരണവും അദ്ദേഹം പ്രഖ്യാപിച്ചു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം മനുഷ്യക്കുരുതിയെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ രംഗത്തെത്തി. ആഫ്രിക്കയ്ക്കു വേണ്ടത് അക്രമമല്ല സമാധാനമാണെന്നു പാപ്പ ട്വീറ്റ് ചെയ്തു. ബുർക്കിനഫാസോ ഗ്രാമത്തിൽ നടന്ന കൂട്ടക്കൊലയുടെ ഇരകൾക്കായി നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം. ആവർത്തിച്ചുള്ള ഈ ആക്രമണങ്ങൾ കാരണം ഏറെ വേദന അനുഭവിക്കുന്ന ബുർക്കിനായിലെ എല്ലാ ജനങ്ങളോടും കുടുംബാംഗങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പാപ്പയുടെ ട്വീറ്റില്‍ പറയുന്നു. #PrayTogether എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്. ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ബുർക്കിന ഫാസോയിലെ ആകെ ജനസംഖ്യയുടെ 21% മാത്രമാണ് ക്രൈസ്തവര്‍.

You might also like