TOP NEWS| എന്താണ് ആംഫിബിയസ് വാഹനങ്ങള്‍? വെള്ളത്തിലും കരയിലും ഓടുന്ന വാഹനങ്ങളെ അറിയാം

0

 

അമേരിക്കയില്‍ ഒലിവര്‍ ഇവാന്‍സ് രൂപകല്പന ചെയ്ത് 1805-ല്‍ പുറത്തിറങ്ങിയതാണ് ഇതിന്റെ ആദിരൂപം

ജലാശയത്തിൽനിന്ന് താറാവ് കരയിലേക്കു കയറുന്നതുപോലെ ആ ബസ് കൊച്ചി കായലിൽ നിന്ന് മറൈൻഡ്രൈവിലേക്ക് കയറി. പിന്നെ ഒരു ഡബിൾ ബെൽ. റോഡിലൂടെ വിനോദ സഞ്ചാരികളുമായി കൊച്ചി വിമാനത്താവളത്തിലേക്ക്…. ഈ കാഴ്ചയിലേക്ക് ഇനി അധികദൂരമില്ല. അവൻ വരുമെന്നുറപ്പായി, ആംഫിബിയൻ. കരയിലും വെള്ളത്തിലും ഓടുന്ന ആ ബസ്. ബജറ്റിൽ കയറിക്കഴിഞ്ഞു. ഇനി പണവുമായി ഇറങ്ങിയാൽ മതി.

കൊച്ചിയുടെ വിനോദസഞ്ചാരത്തിന് പുതിയ വഴി തുറക്കുമെന്നു കരുതുന്ന ആംഫിബിയന് ബജറ്റിൽ അഞ്ച് കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. അനുയോജ്യമായ ഇടവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന കേന്ദ്രവുമെന്ന നിലയിൽ ആദ്യം ആംഫിബിയനെത്തുക കൊച്ചിയിലായിരിക്കും. വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലയിൽ സർവ സാധാരണമാണ് ഇത്തരം ബസുകൾ.

സംസ്ഥാന സർക്കാർ രണ്ടുവർഷം മുമ്പ് സാധ്യതാപഠനം നടത്തി ജലഗതാഗത വകുപ്പിനെ ഏൽപ്പിക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതിയാണിത്. എന്നാൽ ബജറ്റ് പ്രഖ്യാപിച്ചപ്പോൾ ടൂറിസം വകുപ്പിലേക്ക് മാറി. വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഇത്തരം ബസുകൾക്ക് 11-12 കോടി രൂപ ചെലവു വരുമെന്നാണ് കണക്കുകൂട്ടൽ.

യഥാർഥ ആംഫിബിയന് വലിയ ചരിത്രമുണ്ട്. ആംഫീബിയസ് വെഹിക്കിൾ എന്നാണ് പൊതുവേ പറയുന്നത്. അമേരിക്കയിൽ ഒലിവർ ഇവാൻസ് രൂപകല്പന ചെയ്ത് 1805-ൽ പുറത്തിറങ്ങിയതാണ് ഇതിന്റെ ആദിരൂപം. പട്ടാള ആവശ്യങ്ങൾക്കായി ലോക മഹായുദ്ധങ്ങളിൽ കരയിലും വെള്ളത്തിലുമോടുന്ന വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

പഞ്ചാബ് സർക്കാരാണ് 2016 ഡിസംബർ 12-ന് ഇന്ത്യയിലെ ആദ്യത്തെ ആംഫിബിയസ് ബസ് അവതരിപ്പിച്ചത്. അമൃത്സറിലെ ഹാരികെയിലാണ് ഈ ബസ് ഓടിത്തുടങ്ങിയത്. ബസിൽ 34 പേർക്ക് ഇരിക്കാം. പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി നിന്നുപോയി. സമാനമായി ഗോവയിലും മഹാരാഷ്ട്രയിലും പദ്ധതി ശരിയായ രീതിയിൽ നടക്കാതെ പോയി.

You might also like