സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം; ഗ്ലൗസുകൾ തികയുന്നില്ല, സഹായമാവുന്നത് സംഭാവനകൾ
തിരുവനന്തപുരം: ലോക്കൽ പർച്ചേസിന് അനുമതി നൽകിയിട്ടും ഗ്ലൗസടക്കം കൊവിഡ് ചികിത്സാ സാമഗ്രികളുടെയും മരുന്നുകളുടെയും ലഭ്യതക്കുറവിൽ വലഞ്ഞ് തലസ്ഥാനത്തെ താലൂക്ക് ആശുപത്രികളും ജില്ലാ ആശുപത്രികളും. ഗ്ലൗസ്, മാസ്ക്ക്, ഗൗൺ എന്നിവയ്ക്കും ആസ്പിരിൻ അടക്കമുള്ള മരുന്നുകൾക്കുമാണ് പ്രതിസന്ധി തുടരുന്നത്.
എൻ 95 മാസ്ക്, ഗൗൺ, പിപിഇ കിറ്റ്, ഗ്ലൗസ് തുടങ്ങിയ സാമഗ്രികൾ, വിറ്റമിൻ, ആസ്പിരിൻ ഫാവിപിനാവിർ അടക്കമുള്ള മരുന്നുകൾ എന്നിവ ആവശ്യത്തിന് തികയുന്നില്ലെന്നാണ് താലൂക്ക് ആശുപത്രികളിൽ നിന്നുള്ള പരാതി. കൊവിഡ് – കൊവിഡേതര വിഭാഗത്തിൽ 20 ഇനം മരുന്നുകൾക്കും ഗൗൺ, മാസ്ക്, ഗ്ലൗസ് അടക്കം 21 ഇനം സാമഗ്രികൾക്കും ലഭ്യതക്കുറവുണ്ടെന്നാണ് പാറശാല താലൂക്ക് ആശുപത്രിയിൽ നിന്നുള്ള വിവരം. 100 ൽ 50 കിടക്കകൾ കൊവിഡിനായി മാറ്റിവെച്ച നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഗ്ലൗസ് ലഭ്യതക്കുറവ് രൂക്ഷമാണ്. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും സമാനസ്ഥിതിയാണ്.