TOP NEWS| ഗര്‍ഭഛിദ്രം അവകാശം; ജോ ബൈഡനെ ക്രൈസ്തവ ആരാധനയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനുള്ള നീക്കത്തില്‍ കത്തോലിക്കാ സഭ
വാഷിംഗ്‌ടൺ: ഗര്‍ഭഛിദ്രത്തിന് അനുകൂലമായി വാദിക്കുന്ന നേതാക്കളെ ക്രൈസ്തവ ആരാധനയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനുള്ള നീക്കത്തില്‍ കത്തോലിക്കാ സഭ. ഇതിനായുള്ള കരടിന് യുഎസ് കത്തോലിക് ബിഷപ്പ് കോണ്‍ഫറന്‍സില്‍ 55 വോട്ടുകള്‍ക്കെതിരെ 168 വോട്ടുകള്‍ക്ക് ധാരണയായി. ഗര്‍ഭഛിദ്രം സംബന്ധിച്ച അവകാശങ്ങളില്‍ പ്രസിഡന്‍റ് ജോ ബൈഡനടക്കമുള്ളവരുടെ തീരുമാനത്തെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് കത്തോലിക്കാ സഭയുടെ നീക്കം.
കത്തോലിക്കാ വിശ്വാസിയായ രണ്ടാമത്തെ അമേരിക്കന്‍ പ്രസിഡന്‍റാണ് ജോ ബൈഡന്‍. ജിമ്മി കാര്‍ട്ടറിന് ശേഷം ക്രിസ്തുമത വിശ്വാസങ്ങളെ ശക്തമായി പിന്തുടരുന്ന വ്യക്തി കൂടിയാണ് ജോ ബൈഡന്‍. വിശുദ്ധ കുര്‍ബാന നല്‍കുന്നതും , കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കുന്നതും ബിഷപ്പുമാരുടെ അധികാരപരിധിയിലുള്ള കാര്യമാണ്. കഴിഞ്ഞ മാസമാണ് കോണ്‍ഫറന്‍സിനെ ഇത്തരത്തിലുള്ള തീരുമാനമെടുക്കുന്നതിന് പ്രേരിപ്പിക്കുന്ന കത്ത് കര്‍ദിനാള്‍ ലൂയിസ് ലഡാരിയ നല്‍കിയത്.
അമേരിക്കയിലെ വലിയ സഭയെന്ന നിലയില്‍ ശര്‍ഭഛിദ്രത്തിന് അവകാശം നല്‍കുന്ന നിലയിലുള്ള തീരുമാനങ്ങളെ എതിര്‍ക്കാനുള്ള നീക്കമെന്ന നിലയിലാണ് ഈ തീരുമാനമെന്നാണ് സഭ വിശദമാക്കുന്നത്. എന്നാല്‍ അതൊരു സ്വകാര്യ വിഷയമാണെന്നും പ്രാവര്‍ത്തികമാകാന്‍ സാധ്യതയില്ലെന്നുമാണ് സഭയുടെ നീക്കത്തേക്കുറിച്ച് ജോ ബൈഡന്‍ പ്രതികരിച്ചത്. അമേരിക്കയിലെ റോമന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ക്കിടയിലെ വേര്‍തിരിവ് വ്യക്തമാക്കുന്നതാണ് കരട് രേഖയ്ക്ക് നടത്തിയ വോട്ടെടുപ്പ്. യാഥാസ്ഥിതിക മനോഭാവമുള്ള ബിഷപ്പുമാരുടെ തീരുമാനത്തിനാണ് ഈ വിഷയത്തില്‍ അംഗീകാരം ലഭിച്ചത്. കത്തോലിക്കാ സഭാ വിശ്വാസിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള കുര്‍ബാന സ്വീകരണം അടക്കമുള്ളവ ഗര്‍ഭഛിദ്ര അവകാശത്തിന് അനുകൂല നിലപാട് സ്വീകരിച്ചാല്‍ ബൈഡന്‍ അടക്കമുള്ള കത്തോലിക്കാ വിശ്വാസികളായ നേതാക്കള്‍ക്ക് വിലക്കുന്നതിനാണ് കരടിലെ ധാരണ.