ക്രൈസ്തവരുടെ സംരക്ഷണം മുഖ്യ ചർച്ചാവിഷയമാക്കി ഇറാഖി പ്രധാനമന്ത്രിയുമായി ഫ്രാൻസിസ് പാപ്പയുടെ കൂടിക്കാഴ്ച

0

ബാഗ്ദാദ്: ക്രൈസ്തവരുടെ സംരക്ഷണം മുഖ്യ ചർച്ചാവിഷയമാക്കി ഇറാഖി പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തി. ഇന്നലെ വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കാന്‍ പ്രധാനമന്ത്രി വത്തിക്കാനിൽ എത്തിയപ്പോഴാണ് പാപ്പ, ക്രൈസ്തവരുടെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളില്‍ ഊന്നല്‍ നല്‍കിയത്. ഏകദേശം 30 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ മാർപാപ്പ നടത്തിയ ഇറാഖ് സന്ദർശനത്തെ പറ്റിയും, രാജ്യത്തെ ജനത അനുഭവിച്ച ഐക്യത്തെ പറ്റിയും ഇരുവരും സംസാരിച്ചെന്ന് വത്തിക്കാൻ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മറ്റുള്ള പൗരൻമാർക്ക് ലഭിക്കുന്ന അതേ അവകാശവും, ചുമതലകളും നൽകിക്കൊണ്ട് തന്നെ നിയമപരമായി നൂറ്റാണ്ടുകളായി ഇറാഖിൽ ജീവിക്കുന്ന ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രിയും, ഫ്രാൻസിസ് മാർപാപ്പയും ചൂണ്ടിക്കാട്ടി.

ആഭ്യന്തരയുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധിനിവേശത്തെയും തുടര്‍ന്നു വർഷങ്ങളായി ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ കുറയുകയാണ്. 2003ൽ 14 ലക്ഷം ക്രൈസ്തവരുണ്ടായിരുന്ന രാജ്യത്ത് ഇപ്പോൾ രണ്ടരലക്ഷം ക്രൈസ്തവർ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ സാഹചര്യത്തില്‍ ക്രൈസ്തവരുടെ സംരക്ഷണം ആവശ്യപ്പെട്ടുക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഇടപെടല്‍ ക്രിസ്തീയ സമൂഹത്തിന് ആശ്വാസം പകര്‍ന്നേക്കുമെന്നാണ് സൂചന. രാജ്യത്തിന്റെ സ്ഥിരത ഉറപ്പുവരുത്തി, പുനർനിർമാണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ദേശീയതലത്തിൽ ഉണ്ടാകേണ്ട സംവാദത്തെ പറ്റിയുള്ള ചർച്ചയും ഇരുവരുടെ കൂടിക്കാഴ്ചയില്‍ നടന്നു. കൂടിക്കാഴ്ചക്കുശേഷം ഇരുവരും പരസ്പരം സമ്മാനങ്ങൾ കൈമാറി.

You might also like