പ്രതിപക്ഷ ബഹളം: പാര്‍ലിമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവെച്ചു

0

ന്യൂഡല്‍ഹി : പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച്‌ രാജ്യത്തെ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളിലും ബഹളം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ, രാജ്യസഭ നടപടികള്‍ നിര്‍ത്തിവെച്ചു. ലോക്‌സഭ, രണ്ട് മണിവരേയും രാജ്യസഭ 12 മണിവരേയും നിര്‍ത്തിവെക്കുകയായിരുന്നു.

രാജ്യത്തെ ലോകത്തിന് മുന്നില്‍ നാണംകെടുത്തുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് സഭ നിര്‍ത്തി അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് അവഗണിച്ച സ്പീക്കര്‍ ഓം ബിര്‍ല ചോദ്യോത്തര വേളയിലേക്ക് കടക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷം പ്ലക്കാര്‍ഡുമായി നടുത്തളത്തിലേക്ക് ഇറങ്ങി. ബഹളം രൂക്ഷമായതോടെ സഭ നിര്‍ത്തിവെക്കുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

രാജ്യസഭയിലും സമാന സംഭവങ്ങളാണ് നടന്നത്. പെഗാസസ് വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിങ്ങളൊക്കെ ഉന്നയിച്ച കാര്യങ്ങളാണ് സഭ ചര്‍ച്ച ചെയ്യുന്നതെന്ന് ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ 12 മണിവരെ നിര്‍ത്തിവെക്കുകയാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

You might also like