മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ ലഭിച്ചെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം : മന്ത്രി കെ രാധാകൃഷ്ണന്‍

0

തൃശൂര്‍: അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ ലഭിച്ചെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്ബ്രദായത്തിന് ജില്ലയിലെ സ്‌കൂളുകള്‍ സജ്ജമെന്ന സ്‌കൂള്‍ തല പ്രഖ്യാപനം ജൂലൈ 31 ന് നടത്തുമെന്നും പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍.

ഓഗസ്റ്റ് ഒന്നിന് പഞ്ചായത്ത് തലത്തിലും ഓഗസ്റ്റ് അഞ്ചിന് ജില്ലാ തലത്തിലും 15 ന് സംസ്ഥാനതല പ്രഖ്യാപനവും നടത്തും. പഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണം ലഭിച്ചെന്ന് ഓരോ തദ്ദേശ സ്ഥാപനങ്ങളും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ജില്ലയിലെ മുഴുവന്‍ എം എല്‍ എമാരും ജനപ്രതിനിധികളും മുനിസിപ്പല്‍, കോര്‍പ്പറേഷന്‍, വാര്‍ഡ് തല മെമ്ബര്‍മാരും വാശിയോടെ ഇടപെടല്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ഇത് സംബന്ധിച്ച്‌ നടന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആദിവാസി കോളനികളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കുന്നതിനുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കാനും പഠന സൗകര്യം ഉറപ്പുവരുത്തുന്നതിന് ടാബ്, ലാപ്‌ടോപ്, ഡെസ്‌ക്ടോപ്, മൊബൈല്‍ എന്നിവ വിതരണം ചെയ്ത് ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുമുള്ള നടപടികള്‍ വേഗത്തിലാക്കും.

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള ഉപകരണങ്ങള്‍ ഉറപ്പാക്കുന്നതും അതിന് ആവശ്യമുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി മലയോര പ്രദേശങ്ങളില്‍ സജ്ജമാക്കി വരുന്നതും.

65124 കുട്ടികള്‍ക്കാണ് ജില്ലയില്‍ ഇനിയും പഠനോപകരണങ്ങള്‍ ആവശ്യമുള്ളത്. സ്‌കൂള്‍ തല സമിതിയാണ് കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്. നൂറില്‍ താഴെ മാത്രം ഉപകരണങ്ങള്‍ ആവശ്യമുള്ളപഞ്ചായത്തുകളും ഇരുനൂറില്‍ താഴെ ഉപകരണങ്ങള്‍മാത്രം ആവശ്യമുള്ളപഞ്ചായത്തുകളും പ്രത്യേകം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍ രണ്ടായിരത്തിലധികം ഉപകരണങ്ങളാണ് ആവശ്യമുള്ളത്. ഈ പ്രദേശത്ത് ഇടപെടലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉടന്‍തന്നെ നടത്തി ആവശ്യമായ ഉപകരണങ്ങള്‍ നല്‍കണമെന്ന് വള്ളത്തോള്‍ പഞ്ചായത്ത് പ്രസിഡന്റിനോട് മന്ത്രി ആവശ്യപ്പെട്ടു.

ഇതുവരെ എത്ര വിദ്യാര്‍ഥികള്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കി എന്നും ഇതില്‍ ഉപകരണം ലഭിക്കാന്‍ അര്‍ഹതയുള്ളവരെ കണ്ടെത്തി അവരുടെ ലിസ്റ്റ് കൃത്യതപ്പെടുത്തണമെന്നും ജില്ലാ കലക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. 31 ന് മുമ്ബ് തന്നെ എം എല്‍ എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് അവലോകനം നടത്തും.

ആദിവാസി മേഖലയില്‍ ടവര്‍ സ്ഥാപിക്കാനും സ്ഥായിയായ സംവിധാനമൊരുക്കാനും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇടതടവില്ലാതെ നടക്കുന്നു എന്ന് ഉറപ്പുവരുത്താനും എം പി ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ അനുവദിക്കുമെന്ന് ടി എന്‍ പ്രതാപന്‍ എം പി അറിയിച്ചു. ടവര്‍ സ്ഥാപിക്കാനുള്ള സ്ഥലവും ഒരുക്കും. ഒരു ടവര്‍ വച്ചാല്‍ രണ്ട് പഞ്ചായത്തുകളിലെ മലയോര പ്രദേശ മേഖലയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കഴിയും.

You might also like