TOP NEWS| ഇന്ത്യ-സൗദി വ്യാപാരബന്ധം വീണ്ടും ശക്തമാകുന്നു
കോവിഡിനെ തുടർന്ന് ഇടിവ് രേഖപ്പെടുത്തിയ ഇന്ത്യ-സൗദി വ്യാപാരബന്ധം വീണ്ടും ശക്തമാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച മാസാന്ത റിപ്പോർട്ടിലാണ് വർധന രേഖപ്പെടുത്തിയത്. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം വീണ്ടും ആയിരം കോടിക്ക് അടുത്തെത്തി.
സൗദിയിൽനിന്ന് എണ്ണയുൾപ്പെടെയുള്ള അസംസ്‌കൃതവസ്തുക്കളുടെ ഇറക്കുമതിയിൽ ഇന്ത്യ വീണ്ടും രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. 960 കോടി റിയാലാണ് കഴിഞ്ഞ മാസത്തെ ഇരുരാജ്യങ്ങളുടെയും വ്യാപാരമൂല്യം. ഇതോടെ ഉഭയകക്ഷി വ്യാപാരം മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. 760 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് കയറ്റിയയച്ചത്. ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള ഇറക്കുമതിയിലും ഇക്കാലയളവില് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 200 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് സൗദി അറേബ്യ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തത്.