ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ അസ്സിസ്റ്റന്റ് കമാന്‍ഡറായ മകള്‍ക്ക് സല്യൂട്ട് നല്‍കി ഇന്‍സ്‌പെക്ടറായ അച്ഛന്‍
തന്റെ മക്കള്‍ തന്നെക്കാളും നന്നായി വരുന്നതിലും വലിയ സന്തോഷം ഒരു മാതാപിതാക്കളിലും ഉണ്ടാകാറില്ല. അത് രാജ്യ സേവനത്തിന്റെ കാര്യത്തിലും ഭിന്നമല്ല. രാജ്യ സേവനത്തിന്റെ കാര്യം വരുമ്ബോള്‍ തന്റെ പാത പിന്തുടര്‍ന്ന തന്റെ മക്കള്‍ തന്നിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുമ്ബോള്‍ ഈ അഭിമാനവും സന്തോഷവും പതിന്‍മടങ്ങാവും.
മുസോറിയിലെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിപി) പാസ്സിങ്ങ് പരേഡില്‍ പങ്കെടുക്കുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥരെയും കാണുമ്ബോള്‍ അവരുടെ മാതാപിതാക്കള്‍ക്ക് അതൊരു അഭിമാന മുഹൂര്‍ത്തമാണ്. അതേ സമയം, ഇത്തവണത്തെ പാസിങ്ങ് ഔട്ട് പരേഡിന് സാക്ഷ്യം വഹിച്ച കംലേഷ് കുമാറിനെ സംബന്ധിച്ചിടത്തോളം അതൊരു പരമാനന്ദത്തിന്റെ മുഹൂര്‍ത്തമായിരുന്നു. ഐടിബിപിയിലെ ഇന്‍സ്‌പെക്ടര്‍ ആയ കംലേഷ് കുമാര്‍ പരേഡില്‍ പങ്കെടുക്കാനെത്തിയത്, തന്റെ മകള്‍ ദിക്ഷ അസ്സിസ്റ്റന്റ് കമാന്‍ഡറായി ചുമതലയേറ്റതിനെ തുടര്‍ന്നായിരുന്നു. ദീക്ഷയെ സര്‍വ്വീസില്‍ ഉള്‍പ്പെടുത്തുന്ന ചടങ്ങ് കഴിഞ്ഞ ഉടന്‍ തന്നെ, മറയ്ക്കാന്‍ കഴിയാത്ത വിധം സന്തോഷത്തിലായ കംലേഷ് എണീറ്റ് നിന്ന് തന്റെ മകളെ സല്യൂട്ട് ചെയ്ത് അഭിനന്ദനം അറിയിക്കുകയായിരുന്നു. അച്ഛന്റെയും മകളുടെയും ഈ അപൂര്‍വ്വ നിമിഷങ്ങള്‍ ഐടിബിപി തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്ക് വെച്ചു. ഉടന്‍ തന്നെ അത് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്തു.