3 ദിവസത്തിനിടെ കോവിഡ് ബാധിച്ച 57% പേരും വാക്സീനെടുത്തവർ; ആശങ്ക പങ്കുവച്ച് വിദഗ്ധര്‍
തിരുവനന്തപുരം∙ സംസ്ഥാനത്ത് വാക്സീന്‍ സ്വീകരിച്ചവരില്‍ കോവിഡ് ബാധിക്കുന്നവരുടെ നിരക്കുയരുന്നു. മൂന്നു ദിവസത്തിനിടെ കോവിഡ് ബാധിച്ചവരില്‍ 57 ശതമാനം പേരും കുത്തിവയ്പ് എടുത്തവരാണ്. കുത്തിവയ്പെടുത്ത് മാസങ്ങള്‍ കഴിയുമ്പോള്‍ ഫലം കുറയുന്നുണ്ടോ എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് ആരോഗ്യവിദഗ്ധര്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച വാക്സീന്‍ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ:
തിങ്കളാഴ്ച്ച കോവിഡ് ബാധിച്ച 6996ല്‍ 3841 പേരും വാക്സീന്‍ എടുത്തിരുന്നു. 2083 പേരും രണ്ടു ഡോസും എടുത്തവരാണ്. ഞായറാഴ്ച 10,691 രോഗബാധിതരില്‍ 6303 പേരും കുത്തിവയ്പ് എടുത്തിരുന്നു. ശനിയാഴ്ചത്തെ 9470 കോവിഡ് പോസിറ്റീവ് കേസുകളില്‍ 5364 പേരും വാക്സീന്‍ ലഭിച്ചവരാണ്. വാക്സിനേഷന്റെ തോത് 93 ശതമാനം കടന്നിട്ടും പതിനായിരത്തോളം പ്രതിദിന രോഗബാധിതരുണ്ട്. ആദ്യ മാസങ്ങളില്‍ കുത്തിവയ്പ് സ്വീകരിച്ചവരില്‍ ഫലം കുറയുന്നുണ്ടോ എന്ന ആശങ്കയാണുയരുന്നത്.