TOP NEWS| മധ്യപ്രദേശിലെ ക്രിസ്തു ജ്യോതി സ്‌കൂളില്‍ സരസ്വതി വിഗ്രഹം സ്ഥാപിച്ചില്ലെങ്കില്‍ പ്രത്യാഘാതം; ഭീഷണി മുഴക്കി തീവ്രഹിന്ദുത്വവാദികൾ

0

 

സത്‌ന: മധ്യപ്രദേശിലെ സത്‌ന സീറോ മലബാര്‍ രൂപതയുടെ ഉടമസ്ഥതയിലുള്ള ക്രിസ്തു ജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന് നേരെ ഭീഷണി മുഴക്കി സുവിശേഷവിരോധികൾ. സ്‌കൂള്‍ വളപ്പില്‍ സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിക്കണമെന്നും ഇത് ചെയ്തില്ലെങ്കില്‍ കാര്യമായ വിധത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ഭീഷണിയാണ് വിശ്വഹിന്ദു പരിഷത്, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മുഴക്കിയിരിക്കുന്നത്.

15 ദിവസത്തിനകം ഇക്കാര്യം ചെയ്തിരിക്കണമെന്നുമാണ് ഭീഷണി. കഴിഞ്ഞ 49 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ഇതിനു മുന്‍പ് ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും ആദ്യമായാണ് ആരെങ്കിലും ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കുന്നതെന്നും സ്‌കൂള്‍ മാനേജര്‍ ഫാ.അഗസ്റ്റിന്‍ ചിറ്റുപറന്പില്‍ പറഞ്ഞു. പ്രക്ഷോഭക്കാര്‍ ഭീഷണിയുമായി വീണ്ടുമെത്തിയാല്‍ നിയമ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു. സത്‌നയില്‍ ഹിന്ദുത്വവാദികളില്‍ നിന്നു ക്രൈസ്തവ വിരുദ്ധത ഉളവാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.

2017-ല്‍ സത്‌ന സെന്റ് എഫ്രേം സെമിനാരിയില്‍ നിന്നു ക്രിസ്തുമസ് കരോളിന് പോയ വൈദിക സംഘത്തിന് നേരെ ബജ്റംഗ്ദള്ളിന്റെ ആക്രമണം ചര്‍ച്ചയായിരിന്നു. സത്‌ന സെമിനാരിയില്‍ നിന്നു ട്യൂഷന്‍ നല്‍കാനും സാമൂഹ്യസേവനത്തിനും പതിവായി പോകുന്ന ഗ്രാമത്തില്‍ വ്യാഴാഴ്ച കരോള്‍ അവതരിപ്പിക്കാന്‍ എത്തിയ വൈദിക- സെമിനാരി സംഘത്തെ പുറത്തു നിന്നെത്തിയ ബജ്റംഗ്ദള്ളിന്റെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും ഇവരെ പോലീസ് കസ്റ്റഡിയില്‍ ഏല്‍പ്പിക്കുകയും ചെയ്തിരിന്നു.

കസ്റ്റഡിയിലായ വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും സന്ദര്‍ശിക്കാനെത്തിയ ക്‌ളരീഷന്‍ വൈദികരുടെ കാര്‍ അക്രമികള്‍ സ്റ്റേഷന് പുറത്തു കത്തിച്ചിരിന്നു. 2018-ല്‍ ജനുവരി നാലിന് ബി‌ജെ‌പി യുവജനസംഘടനയുടെ ആഭിമുഖ്യത്തില്‍ സെന്‍റ് മേരീസ് കോളേജിലേക്ക് കടന്നു കയറാനും ഹൈന്ദവ ആചാരപ്രകാരം ഭാരത മാത ആരതി നടത്തുവാനും ശ്രമം നടന്നിരിന്നു. ഭാരതത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ആശങ്ക കനക്കുകയാണ്. തീവ്രഹിന്ദുത്വവാദികളുടെ ആക്രമണങ്ങള്‍ക്ക് കടിഞ്ഞാണിടുവാന്‍ ഭരണനേതൃത്വം ശ്രമിക്കുന്നില്ലെന്ന ആരോപണം ശക്തമാകുന്നുണ്ട്.

You might also like