കാബൂള്‍ ആശുപത്രിയിലെ സ്‌ഫോടനം: താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു
കാബൂളിലെ സൈനിക ആശുപത്രിയില്‍ ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തില്‍ താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഹംദുള്ള മൊഖില്‍സാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
ഹഖാനി നെറ്റ്‌വര്‍ക്കിന്റെ ഭാഗമായിരുന്ന ഹംദുള്ള മൊഖില്‍സ് ബാദ്രി കോപ്‌സ് സ്‌പെഷ്യല്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു. കാബൂള്‍ പിടിച്ചെടുത്തതിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിര്‍ന്ന താലിബാന്‍ കമാന്‍ഡറാണ് മൊഖില്‍സ് എന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 50ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ സൈനിക ആശുപത്രിയില്‍ രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ വെടിവെയ്പ്പും നടന്നിരുന്നു. അഞ്ച് സംഘങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പിന്നീട് ടെലഗ്രാം ചാനലിലൂടെ അറിയിച്ചിരുന്നു. ആശുപത്രിയിലെത്തിയ സാധാരണക്കാരെയും ഡോക്ടര്‍മാരെയും രോഗികളെയുമാണ് ഐഎസ് ലക്ഷ്യം വെച്ചതെന്ന് താലിബാന്‍ വക്താവ് പ്രതികരിച്ചു.
10 മിനിറ്റ് ഇടവേളയിലാണ് രണ്ട് സ്‌ഫോടനങ്ങള്‍ നടന്നതെന്ന് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ആരോഗ്യ പ്രവര്‍ത്തകന്‍ അറിയിച്ചു. ആദ്യം സ്‌ഫോടനമാണുണ്ടായതെന്നും തുടര്‍ന്ന് ഏതാനും മിനിറ്റുകള്‍ നേരം വെടിയൊച്ചകള്‍ കേട്ടെന്നും പറഞ്ഞ അദ്ദേഹം ഏതാണ്ട് 10 മിനിറ്റ് കഴിഞ്ഞപ്പോഴാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നതെന്നും റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി.