മുല്ലപ്പെരിയാറിലെ മരംവെട്ടാനുള്ള ഉത്തരവ്: വിശദീകരണം തേടാൻ സർക്കാർ
തിരുവനന്തപുരം∙ മുല്ലപ്പെരിയാർ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങൾ മുറിച്ചു മാറ്റാൻ തമിഴ്നാടിന് അനുമതി നൽകിയ സംഭവത്തിൽ സർക്കാർ വിശദീകരണം തേടിയേക്കും. അനുമതി നൽകാൻ ഉദ്യോഗസ്ഥതല യോഗം ചേരാനുണ്ടായ കാരണം ജലവിഭവ, വനംവകുപ്പ് സെക്രട്ടറിമാർ വ്യക്തമാക്കേണ്ടിവരും. ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് വിളിച്ച യോഗത്തിലാണ് തീരുമാനമെടുത്തതെന്നാണ് വനംവകുപ്പിന്റെ നിലപാട്.ബേബി ഡാം ബലപ്പെടുത്താൻ പരിസരത്തെ 15 മരങ്ങൾ മുറിച്ചു മാറ്റുന്നതിനു വെള്ളിയാഴ്ച സംസ്ഥാന വനം വകുപ്പ് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് പുറപ്പെടുവിച്ച ഉത്തരവ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഉത്തരവിറക്കിയതിൽ കേരള സർക്കാരിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയനു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശനിയാഴ്ച കത്തയച്ചപ്പോഴാണു വിവരം പുറത്തറിഞ്ഞത്.