അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാട്: കമ്പനിയുടെ വിലക്ക് നീക്കി
ന്യൂഡൽഹി ∙ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് മാതൃകമ്പനിയായ ലിയനാർഡോയ്ക്ക് (മുൻ പേര് – ഫിൻമെക്കാനിക്ക) ഏർപ്പെടുത്തിയ വിലക്ക് കേന്ദ്ര സർക്കാർ നീക്കിയതിനെതിരെ കോൺഗ്രസ് രംഗത്ത്. കമ്പനിക്കെതിരെ മുൻപ് അഴിമതിയാരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ വിലക്ക് നീക്കിയതിനു പിന്നിലെ രഹസ്യ ഇടപാടെന്താണെന്നു വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആവശ്യപ്പെട്ടു.
ഏതാനും ഉപാധികളോടെയാണു വിലക്ക് നീക്കിയതെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കമ്പനി ഈയിടെ പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചിരുന്നു. നിയമ മന്ത്രാലയത്തിന്റെ അഭിപ്രായവും പ്രതിരോധ മന്ത്രാലയം തേടി. ഒക്ടോബർ 29നു റോമിൽ നടന്ന ജി 20 സമ്മേളനത്തിനിടെ ഇറ്റലി പ്രധാനമന്ത്രി മാരിയോ ഡ്രാഗിയുമായി മോദി നടത്തിയ ചർച്ചയിലാണു വിലക്ക് നീങ്ങാൻ വഴിയൊരുങ്ങിയതെന്നാണു സൂചന.