മദ്ധ്യപ്രദേശിലെ ക്രിസ്ത്യൻ സ്കൂളിൽ സംഘപരിവാർ ആക്രമണം

0


സാഗർ: മധ്യപ്രദേശിലെ സാഗർ രൂപതയുടെ പരിധിയിലുള്ള ഗഞ്ച് ബസോദ കാമ്പസിലെ സെന്റ് ജോസഫ് സ്കൂള്‍ ആക്രമിച്ച് തീവ്ര സുവിശേഷവിരോധികൾ. ഇന്നലെ ഡിസംബർ 6നാണ് ഇരച്ചെത്തിയ ക്രൈസ്തവവിരുദ്ധർ സ്കൂള്‍ ആക്രമിച്ചത്. സ്കൂളിലെ വിദ്യാര്‍ത്ഥികളെ ക്രിസ്ത്യാനികളാക്കി പരിവര്‍ത്തനം ചെയ്യുന്നുവെന്നു പ്രാദേശിക യുട്യൂബ് ചാനൽ പ്രസിദ്ധീകരിച്ച വ്യാജ വാർത്തയ്ക്കു പിന്നാലെയാണ് ‘ജയ് ശ്രീറാം’ വിളിയോടെ സ്കൂള്‍ ക്യാമ്പസില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.

ഗേറ്റിന്റെ പൂട്ട് തകർത്താണ് അക്രമികള്‍ സ്കൂള്‍ ക്യാമ്പസില്‍ പ്രവേശിച്ചത്. ക്രൈസ്തവര്‍ക്ക് സ്കൂൾ അധികൃതർക്കുമെതിരെ ഹിന്ദുത്വവാദികള്‍ ആക്രോശിച്ചു. സ്കൂളിന് നേരെ കല്ലെറിയുകയും ജനൽച്ചില്ലുകളും വാഹനവും തകർക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഒക്‌ടോബർ 31-ന് സെന്റ് ജോസഫ് ഗഞ്ച് ബസോദ ഇടവകയിലെ കത്തോലിക്ക കുട്ടികൾക്കായി പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ബിഷപ്പിനും ഇടവക വൈദികനൊപ്പം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ രൂപതയുടെ പ്രതിമാസ ഇ മാഗസിനായ “സാഗർ വോയ്‌സിൽ” പ്രസിദ്ധീകരിച്ചു.

എന്നാല്‍ ‘ആയുദ്ധ്’ എന്ന യൂട്യൂബ് ചാനലില്‍ ഈ ഫോട്ടോ സ്കൂളിലെ ഹിന്ദു കുട്ടികളുടെ മതംമാറ്റമാണെന്ന് വ്യാജ ആരോപണം ഉന്നയിച്ച് അവതരിപ്പിക്കുകയായിരിന്നു. ഇതേ തുടര്‍ന്നു രൂപതാധികാരികൾ കലക്ടറെയും പോലീസ് സൂപ്രണ്ടിനെയും സമീപിച്ചപ്പോള്‍ പോലീസ് സംരക്ഷണം വാഗ്ദാനം ചെയ്തെങ്കിലും ഇന്നത്തെ ആക്രമണം തടയാനായില്ല. അതേസമയം ഭാരതത്തില്‍ തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവര്‍ക്കും ക്രിസ്തീയ നേതൃത്വത്തിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്നത് ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് ഈ ആക്രമത്തെ പൊതുവേ വിലയിരുത്തുന്നത്.

You might also like