പ്രസിദ്ധമായ ലേക്‌വുഡ് ചർച്ചിലെ ചുവരിനുള്ളിൽ നിന്ന് 6 ലക്ഷം ഡോളർ കണ്ടെത്തി
പ്രസിദ്ധമായ ലേക്‌വുഡ് ചർച്ചിലെ ചുവരിനുള്ളിൽ നിന്ന് 6 ലക്ഷം ഡോളർ കണ്ടെത്തി. അമേരിക്കയിലെ പ്രമുഖ ടെലിവിഷൻ സുവിശേഷകൻ ജോയൽ ഓസ്റ്റീന്റെ നേതൃത്വത്തിലുള്ള ഹൂസ്റ്റൺ ലേക്‌വുഡ് ചർച്ചിന് പിന്നിലെ ശുചിമുറിയുടെ ചുവരിനുള്ളിൽ നിന്നാണ് പണവും ചെക്കുകളും നിറഞ്ഞ കവറുകൾ കണ്ടെത്തിയത്. അറ്റകുറ്റപ്പണികൾക്കിടയിലാണ് ഒളിപ്പിക്കപ്പെട്ട പണം പ്ലംബർ കണ്ടെത്തിയത്. 2014 ൽ മോഷണം പോയതാണ് ഇതെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി.
ഭിത്തിയിൽ ടൈൽ നീക്കം ചെയ്യാനായി ഇൻസുലേഷൻ നീക്കിയപ്പോൾ, ഏകദേശം 500 കവറുകൾ ചുവരിൽ നിന്ന് പുറത്തേക്ക് വീണു. തുടർന്ന് പ്ലംബർ മെയിന്റനൻസ് സൂപ്പർവൈസറെ ബന്ധപ്പെട്ട് കവറുകൾ ഏല്പിക്കുകയും ചെയ്തു. ലേക്‌വുഡ് ചർച്ച് അധികാരികൾ ഉടൻ തന്നെ ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റിനെ ഇക്കാര്യം അറിയിച്ചു.
2014-ൽ 600,000 ഡോളറിന്റെ ചെക്കുകളും പണവും ചർച്ചിൽ നിന്ന് അപ്രത്യക്ഷമായതിന് ശേഷമാണ് പണത്തിന്റെ ദുരൂഹത ഉണ്ടായതെന്ന് ഹൂസ്റ്റൺ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു. ഇത് 2014ലെ മോഷണവുമായി ബന്ധപ്പെട്ട പണമാണെന്ന് ഹൂസ്റ്റൺ പോലീസ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു.