ക്രൈസ്തവ സമൂഹത്തിനെതിരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആൻ്റൊ ആൻ്റിണി എം.പി
ദില്ലി: ക്രൈസ്തവ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾ തടയാൻ കേന്ദ്രസർക്കാർ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടു. കർണാടകയിലെ കോലാർ ജില്ലയിലുള്ള ശ്രീനിവാസപുര, ബെളഗാവി, ഡൽഹി ചത്തർപുരിയിലെ അന്ധേരിയ മോഡ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ആരാധനാലയങ്ങൾക്കും ക്രൈസ്തവ സ്കൂളുകൾക്കും നേരെ ബജ്റംഗദൾ പ്രവർത്തകർ അടക്കമുള്ളവർ ആക്രമണം നടത്തി.
മധ്യപ്രദേശിലെ വിദിശയിലുള്ള ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ് സ്കൂളിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടക്കുന്നതിനിടെ മുന്നൂറോളം ബജ്റംഗദൾ പ്രവർത്തകർ ആക്രമണം നടത്തി. രാജ്യത്ത് ഓരോ പൗരനും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. ക്രൈസ്തവർക്കെതിരായ അതിക്രമം ഭരണഘടനാ ലംഘനമാണെന്നും അവ എത്രയും വേഗം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.