കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും
കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇക്കാര്യത്തിൽ തീരുമാനം എടുക്കും. ലോക്ഡൌണിലേക്ക് പോകില്ലെങ്കിലും ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അടുത്ത മൂന്നാഴ്ച നിർണായകമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകും. വ്യാപാര സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവും. സ്വകാര്യ ചടങ്ങുകളിലടക്കം കോവിഡ് പ്രോട്ടോകോള്‍ ഉറപ്പ് വരുത്താനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാവും. സെക്രട്ടറിയേറ്റിലടക്കം കോവിഡ് വ്യാപിച്ചതോടെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിലും പുതിയ ക്രമീകരണം ഏര്‍പ്പെടുത്തും. 50 ശതമാനം പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നതാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം. കോളജുകള്‍ അടക്കണമോയെന്ന കാര്യത്തിലും യോഗം തീരുമാനം എടുക്കും. വാരാന്ത്യ ലോക്ഡൌണെന്ന നിര്‍ദേശം പരിഗണനയിലുണ്ടെങ്കിലും ഫലം ചെയ്യില്ലെന്ന വിലയിരുത്തല്‍ ശക്തമാണ്.