ഗൂഗിള്‍ പേ വഴി കൈക്കൂലി; കാലിക്കറ്റ് സർവകലാശാല ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

0

കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കാലിക്കറ്റ് സർവകലാശാല ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. പരീക്ഷാഭവൻ അസിസ്റ്റന്‍റ് മൻസൂർ അലിയെയാണ് സസ്പെൻഡ് ചെയ്തത്. സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ വിദ്യാർഥിയിൽ നിന്ന് 5,000 രൂപ ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി. പരാതിയില്‍ സര്‍വകലാശാല വിശദീകരണം ചോദിച്ചിരുന്നു. ഇതിന് ശേഷം സിന്‍ഡിക്കേറ്റ് സ്റ്റാഫ് സ്ഥിരം സമിതി കണ്‍വീനര്‍ കെ.കെ ഹനീഫ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണമെന്ന് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് നടപടി.കഴിഞ്ഞ മാസമാണ് സര്‍വകലാശാലക്ക് പരാതി ലഭിക്കുന്നത്. പ്രീഡിഗ്രി സര്‍ട്ടിഫിക്കറ്റിലെ പേരില്‍ തെറ്റുള്ളത് തിരുത്താന്‍ വേണ്ടിയാണ് യുവതി സര്‍വകലാശാലയില്‍ അപേക്ഷ സമര്‍പ്പിച്ചത്. 1350 രൂപയാണ് ഇതിനായി സര്‍വകലാശാലയില്‍ ഫീസ് ഇനത്തില്‍ നല്‍കേണ്ടത്. എന്നാല്‍ 5000 രൂപ ഗൂഗിള്‍ പേ വഴി പരീക്ഷാഭവൻ അസിസ്റ്റന്‍റ് മൻസൂർ അലി കൈപറ്റിയതായാണ് പരാതി. സര്‍വകലാശാലയില്‍ ഫീസ് അടക്കാതെ മുഴുവന്‍ തുകയും മന്‍സൂര്‍ അലി കൈപറ്റുകയായിരുന്നു. യുവതി മറ്റൊരാവശ്യത്തിന് നേരത്തേ അടച്ച 50 രൂപയുടെ ചെലാനിൽ 1350 എന്നാക്കി മാറ്റി പ്രിന്‍റെടുത്താണ് തട്ടിപ്പ് നടത്തിയത്. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി സ്വന്തം നിലയില്‍ പണം കൈപറ്റിയത് ഗുരുതര ക്രമക്കേടാണെന്നാണ് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

You might also like