കനത്ത മഞ്ഞുവീഴ്ച; ഗ്രീസിലെ പ്രധാന നഗരങ്ങളെല്ലാം ഒറ്റപ്പെട്ടു
മഞ്ഞ് പുതഞ്ഞ് കിടക്കുന്ന സ്ഥലങ്ങള്‍ കാണാനും അവിടെയെല്ലാം യാത്ര ചെയ്യാനും നമുക്കേറെ ഇഷ്ടമാണ്. എന്നാല്‍ അവിടെ താമസിക്കുന്നവര്‍ക്ക് അതത്ര സുഖകരമായിരിക്കില്ല. മെഡിറ്ററേനിയന്‍ കാലാവസ്ഥയുള്ള ഗ്രീസിലും തുര്‍ക്കിയിലും ഇത്തവണ കൊടും തണുപ്പും കനത്ത മഞ്ഞുവീഴ്ച്ചയുമാണ്. യൂറോപ്പിന്റെ പ്രധാന സഞ്ചാര കേന്ദ്രങ്ങളായ ഇവിടെ തണുപ്പും മഞ്ഞുവീഴ്ചയും പതിവില്ലാത്തതാണ്. ദുഷ്കരമായി തുടരുന്ന ശൈത്യം ജനജീവിതത്തെ ആകെ തടസപ്പെടുത്തി.എല്‍പിഡ എന്ന മഞ്ഞുകാറ്റാണ് കാലാവസ്ഥാ രൂക്ഷമാവാന്‍ കാരണം. പ്രദേശത്ത് ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടത്. കനത്ത മഞ്ഞു വീഴ്ച മൂലം ഗ്രീസിലെ പ്രധാന ഹൈവേയുടെ പല ഭാഗങ്ങളും അടച്ചിരുന്നു. ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സ് മുഴുവനായും മഞ്ഞുമൂടി. ഏതന്‍സിലെ പ്രധാന റോഡുകളില്‍ 1200 കാറുകളാണ് കുടുങ്ങിയത്. ഗ്രീക്ക് സംസ്‌കാരത്തിന്റെ തന്നെ ശേഷിപ്പായ അതീനിയന്‍ കുന്നുകളിലെ അക്രോപോളിസിലെ പാര്‍ഥിനോണ്‍ ക്ഷേത്രം മഞ്ഞില്‍ പുതഞ്ഞു.