
ഗർഭാശയഗള കാൻസറിനെതിരെ എച്ച്പിവി വാക്സിനേഷൻ യജ്ഞം
14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭാശയഗള കാൻസറിനെതിരെ ആരംഭിക്കുന്ന എച്ച്.പി.വി. വാക്‌സിനേഷൻ സംസ്ഥാനത്ത് ഫെബ്രുവരി 28ന് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി 2025 നവംബർ 3ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചിരുന്നു. ദേശീയ വാക്‌സിനേഷൻ ക്യാമ്പയിനിന്റെ ഭാഗമായാണ് 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഇപ്പോൾ വാക്സിൻ നൽകുന്നത്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിൽ ഫെബ്രുവരി 28ന് ഉച്ചയ്ക്ക് 2 മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാക്സിനേഷൻ യജ്ഞത്തിന് തുടക്കം കുറിക്കും. കോർപറേഷൻ മേയർ വി. വി. രാജേഷ് അധ്യക്ഷത വഹിക്കും.
14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും 3 മാസത്തിനകം ഒറ്റ ഡോസ് വാക്‌സിൻ നൽകാനാണ് തീരുമാനിച്ചരിക്കുന്നത്. തുടർന്ന് ദേശീയ പ്രതിരോധകുത്തിവയ്പ്പ് പട്ടികയിൽ ഉൾപ്പെടുത്തി വരുന്ന വർഷങ്ങളിൽ 14 വയസ് പൂർത്തിയാക്കുന്ന മുറയ്ക്ക് എല്ലാ പെൺകുട്ടികൾക്കും വാക്‌സിൻ നൽകി ഭാവിയിൽ എല്ലാ പെൺകുട്ടികളെയും സ്ത്രീകളെയും ഗർഭാശയഗള കാൻസറിൽ നിന്ന് സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും 14 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്.പി.വി വാക്സിൻ നൽകും. 14 വയസുള്ള പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്സിൻ ലഭിക്കുന്നതിന് U-WIN പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ നേരിട്ട് ആരോഗ്യകേന്ദ്രത്തിലെത്തുകയോ ചെയ്യാം. https://uwin.mohfw.gov.in/home എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവർത്തകരെയോ ആശാ പ്രവർത്തകരെയോ സമീപിക്കാം.
