മതത്തിന്റെയും ആരാധനാലയത്തിന്റെയും പേരില്‍ ഭൂമി കൈയ്യേറാൻ ആരേയും അനുവദിക്കില്ലെന്ന് കോടതി; നിയമം എല്ലാവര്‍ക്കും ഒരുപോലെ
തമിഴ്നാട്ടിലെ പെരമ്പലൂര്‍ ജില്ലയിലെ പേപ്പന്‍തട്ടയിലെ ക്ഷേത്രം പൊളിച്ച് മാറ്റുന്നതിനായി സംസ്ഥാന ദേശീയ പാത വിഭാഗം നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്. പെരിയസ്വാമി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എസ്. വൈദ്യനാഥന്‍ , ഡി. ഭാകര ചക്രവര്‍ത്തി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ സുപ്രധാന വിധി.
അനധികൃതമായി പണിത ക്ഷേത്രം നീക്കം ചെയ്യാനുള്ള നോട്ടീസിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഈ ക്ഷേത്രം മൂന്ന് പതിറ്റാണ്ടു മുമ്പ് നിര്‍മ്മിച്ചതാണെന്നും ഇന്നുവരെ പൊതുജനങ്ങള്‍ക്ക് യാതൊരുവിധ പ്രശ്നങ്ങളും ക്ഷേത്രം മൂലമുണ്ടായിട്ടില്ലെന്നും പെരിയസ്വാമി വാദിച്ചു. എന്നാല്‍ ഭൂമി ക്ഷേത്രത്തിന്റേതാണെന്ന് അവകാശപ്പെടുന്ന ഹര്‍ജിക്കാരന്‍ അത് തെളിയിക്കുന്ന മതിയായ രേഖകള്‍ കോടതിയില്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നു കോടതി പറഞ്ഞു.
സര്‍ക്കാര്‍ ഭൂമി ജാതിമത വ്യത്യാസമില്ലാതെ ഈ രാജ്യത്തെ ജനങ്ങള്‍ക്കുള്ളതാണെന്നും ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചാല്‍ ഇത് ഒരു കീഴ് വഴക്കമായി പൊതുസ്ഥലം കൈയ്യേറി മറ്റുള്ളവരും ആരാധനാലയങ്ങള്‍ പണിയാന്‍ സാദ്ധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും അനധികൃതമായി ഭൂമി കൈയ്യേറാന്‍ ആരേയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
മതത്തിന്റെ പേരില്‍ ആളുകളെ ഭിന്നിപ്പിക്കുന്നത് മതഭ്രാന്താണെന്നും ഇതാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പിന്നിലെന്നും കോടതി പറഞ്ഞു.