റഷ്യ ഉടൻ യുക്രൈയ്നെ ആക്രമിച്ചേക്കാം; റഷ്യൻ കടന്നുകയറ്റത്തിന്റെ സാധ്യതകൾ ഏറെ, പുടിനെ വിളിക്കാനില്ല: ബൈഡൻ
റഷ്യ ഉടൻ തന്നെ യുക്രൈയ്നെ ആക്രമിച്ചേക്കുമെന്ന നിലപാടുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രൈന്‍ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയാണെന്ന് റഷ്യ അറിയിച്ചെങ്കിലും അതു വിശ്വാസത്തിലെടുക്കാതെ ജോ ബൈഡൻ രംഗത്തെത്തി. യുക്രൈയ്നുമേലുള്ള റഷ്യൻ കടന്നുകയറ്റത്തിനുള്ള സാധ്യത വളരെ അധികമാണെന്നും ദിവസങ്ങൾക്കുള്ളിൽതന്നെ അതു സംഭവിക്കാമെന്നും ജോ ബൈഡൻ പ്രതികരിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അയച്ച കത്ത് വായിച്ചിട്ടില്ലെന്നും ബൈഡൻ വ്യക്തമാക്കി. പുടിനെ വിളിച്ചു സംസാരിക്കാൻ ആലോചിക്കുന്നില്ലെന്നും എങ്കിലും ഇപ്പോഴും പ്രശ്നപരിഹാരത്തിന് നയതന്ത്ര സാധ്യതകളുണ്ടെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള ഭീഷണി വളരെ അധികമാണ്. കാരണം റഷ്യ അവരുടെ സൈനികരെ നീക്കിയിട്ടില്ല.