യുക്രൈനില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു; മലയാളികളടക്കം 242 യാത്രക്കാര്‍
യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മലയാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 242 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാത്രി 10.15ന് വിമാനം ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തും. യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മടങ്ങാനായി സജ്ജീകരിച്ച എയര്‍ ഇന്ത്യയുടെ ആദ്യ സര്‍വീസ് ആണ് ഇന്നത്തേത്. ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയിലേക്ക് സര്‍വീസ്. യുദ്ധഭീതി നിലവിലുള്ള പശ്ചാത്തലത്തില്‍ യുക്രൈനിലെ വിദ്യാര്‍ഥികളോട് നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അടിയന്തരമായി തുടരേണ്ടതില്ലാത്ത എല്ലാ പൗരന്‍മാരും എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഉടന്‍ മടങ്ങണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഈ മാസം 24, 26 തിയതികളില്‍ എയര്‍ ഇന്ത്യയുടെ രണ്ട് സര്‍വീസുകള്‍ കൂടി നിശ്ചയിച്ചിട്ടുണ്ട്.