രക്തം വാർന്നു കിടന്ന യുവാവിന് രക്ഷകരായത് കരുണ ആംബുലൻസ് ഡ്രൈവറും നഴ്സും.
ചെങ്ങന്നൂർ: കൈ ഞരമ്പ് മുറിഞ്ഞു രക്തം വാർന്നു അവശ നിലയിൽ റോഡരികിൽ കിടന്ന യുവാവിന് രക്ഷകരായത് കരുണ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി ആംബുലൻസ് ഡ്രൈവർ അശ്വിനും നഴ്സ് ജെൻസിയും.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കരുണയുടെ ഗൃഹകേന്ദ്രീകൃത പാലിയേറ്റീവ് പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കിടപ്പു രോഗിയെ സന്ദർശിക്കാൻ മാന്നാർ മേഖലയിൽ എത്തിയപ്പോൾ ആണ് കുരട്ടിക്കാട് ശാസ്താ ക്ഷേത്രത്തിന്റെ കിഴക്ക് വശത്തായി തന്മടി കുളത്തിനോട് ചേർന്ന് ഒരു ചെറുപ്പക്കാരനെ കയ്യിൽ നിന്ന് ചോര വാർന്നു കിടക്കുന്നത് കണ്ട് ചില സ്ത്രീകൾ അലമുറയിടുന്നത് കരുണയുടെ ആംബുലൻസ് ഡ്രൈവർ അശ്വിൻ കാണുന്നത് , പെട്ടെന്നു തന്നെ അശ്വിനും നഴ്സ് ജെൻസിയും അയൽവാസികളായ ചിലരുടെ സഹായത്തോടെ യുവാവിനെ സ്ട്രക്ച്ചറിൽ എടുത്ത് ആംബുലൻസിൽ കയറ്റിയെങ്കിലും കൂടെ കയറാൻ കാഴ്ചക്കാരായി നിന്ന പലരോടും ആവശ്യപ്പെട്ടിട്ടും ആരും തയ്യാറാവാതിരുന്നതിൽ ആശങ്കപ്പെട്ടു നിന്നപ്പോൾ കരുണ മാന്നാർ മേഖല കൺവീനർ കരുണാകരൻ ഫോണിൽ ബന്ധപ്പെട്ട് നിർദ്ദേശിച്ച പ്രകാരം അശ്വിനും നഴ്സ് ജീൻസിയും ഈ യുവാവിനെ ഏറ്റെടുത്ത് പെട്ടെന്ന് തന്നെ പരുമല ആശുപത്രിയിൽ എത്തിച്ചത് ഒരു ജീവന് രക്ഷയായി. യുവാവിന്റെ ബന്ധുക്കൾ ആശുപത്രിയിൽ വന്നതിന് ശേഷമാണ് അശ്വിനും , ജെൻസിയും ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ചാരിതാർത്ത്യത്തിൽ ആശുപത്രിയിൽ നിന്ന് പോയത്.
കൊറോണ ഭീതി പരത്തുന്ന ഈ സാഹചര്യത്തിൽ ആര്, എന്ത് എന്നറിയാതെ മറ്റുള്ളവർ പിന്മാറിയപ്പോൾ ഒരു ജീവൻ രക്ഷിക്കാൻ കാണിച്ച വലിയ മനസിന് അശ്വിനും , ജെൻസിക്കും കരുണ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ചെയർമാൻ സജി ചെറിയാൻ അഭിനന്ദനങ്ങൾ അറിയിച്ചു. ഏതു പ്രതികൂല സാഹചര്യത്തിലും കർമ്മനിരധരായി പ്രവർത്തിക്കുവാൻ ഊർജ്ജം പകർന്ന് കരുണയുടെ മുഴുവൻ പ്രവർത്തകരുടേയും താരമായി മാറിയിരിക്കുകയാണ് ഇവർ.