യുക്രൈനിൽ കൊല്ലപ്പെട്ടത് 14,000 റഷ്യൻ സൈനികർ
ദിവസങ്ങൾക്കകം വിജയം നേടുമെന്ന് റഷ്യ കരുതിയ യുക്രൈൻ യുദ്ധം മൂന്നാഴ്ചയിലേറെ പിന്നിടുമ്പോൾ റഷ്യൻ സൈന്യത്തിന് യുക്രൈനിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇതുവരെ നാലു ജനറൽമാർ ഉൾപ്പെടെ റഷ്യയുടെ 14,000 സൈനികരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടെന്നാണ് യുക്രൈനിന്റെ കണക്ക്. റഷ്യയുടെ 444 ടാങ്കുകളും 1435 കവചിതവാഹനങ്ങളും 86 യുദ്ധവിമാനങ്ങളും തകർന്നുവെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരയുദ്ധത്തിൽ ഒട്ടേറെ സൈനികർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെ പാശ്ചാത്യ ഉപരോധം മൂലം റഷ്യയുടെ സാമ്പത്തികരംഗവും താറുമാറായെങ്കിലും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനു കുലുക്കമില്ല. സൈനികനടപടി മുൻനിശ്ചയിച്ച പ്രകാരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽ യുദ്ധവിരുദ്ധ നിലപാടു പ്രചരിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികൾ ആണെന്നും പുട്ടിൻ പറഞ്ഞു. യുക്രൈൻ യുദ്ധം സംബന്ധിച്ചു തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ 15 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന നിയമം റഷ്യയിൽ നിലവിൽ വന്നു. യുദ്ധവിരുദ്ധ പ്രചാരണങ്ങൾ തടയാനാണിത്.