ആണവ ഇറാനെ ചെറുക്കാൻ യുഎസ്സുമായി കൈകോർക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി
ആണവ ആയുധങ്ങൾ നിർമിക്കുന്ന ഇറാനെ ചെറുക്കാൻ യുഎസ്സുമായി കൈകോർക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി യയെർ ലാപിഡ്. അവരുമായുള്ള ആണവ കരാർ വിഷയത്തിൽ തങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും എന്നാൽ സത്യസന്ധമായ സംവാദം നല്ല ചങ്ങാത്തത്തിന്റെ ശക്തിയാണെന്നും അദ്ദേഹം യുഎസ് സെക്രട്ടറി ആൻറണി ബ്ലിങ്കനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇസ്രായേലും തങ്ങളും സംയുക്തമായി ഇറാനെ പ്രതിരോധിക്കുമെന്നും ആണവ കരാറാണ് അവരെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നും ആൻറണി ബ്ലിങ്കൻ പറഞ്ഞു. 2015 ലെ ഇറാൻ ആണവ കരാർ നവീകരിക്കുന്ന വിഷയത്തിൽ ഇസ്രായേലുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നത് അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ കരാർ പൂർണമായി നടപ്പാക്കുന്നതാണ് അവരെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല വഴിയെന്ന് ഇപ്പോഴത്തെ യുഎസ് പ്രസിഡൻറ് ജോ ബൈഡൻ കരുതുന്നുവെന്നും 2018ൽ മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കരാറിൽനിന്ന് പിന്മാറിയത് മൂലം ഇറാൻ രക്ഷപ്പെടുകയായിരുന്നുവെന്നും ബ്ലിങ്കൻ പറഞ്ഞു. ബില്യൺ കണക്കിന് ഡോളർ സഹായം നൽകി ജോയിൻറ് കോംപ്രഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) വഴി ബൈഡൻ ഭരണകൂടം കരാർ പുതുക്കാൻ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.