60 വയസുവരെയുള്ള, വിരമിച്ച സൈനികരുടെ സേവനം ഉപയോഗിക്കാന്‍ റഷ്യ
യുക്രൈനിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ചിട്ട് ഇന്നേക്ക് 43-ാം ദിവസമാണ്. ഇതിനിടെ യുക്രൈനിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്ന് റഷ്യ പിന്മാറി. കീവ് തങ്ങളുടെ ലക്ഷ്യമല്ലെന്നും ഡോണ്‍ബോസ് പോലുള്ള കിഴക്കന്‍ മേഖലയിലെ റഷ്യന്‍ വിമതരുടെ വിമോചനമാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് ഇതിന് കാരണമായി റഷ്യ ഉന്നയിക്കുന്നത്. എന്നാല്‍, റഷ്യയുടെ പിന്മാറ്റം യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയില്‍ അക്രമണം ശക്തിപ്പെടുത്താനുള്ള നീക്കമാണെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ഇതിനിടെ റഷ്യയ്ക്ക് യുക്രൈനില്‍ വന്‍ തിരിച്ചടി നേരിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യുടെ ആയിരക്കണക്കിന് കവചിത വാഹനങ്ങളും നൂറ് കണക്കിന് ടാങ്കുകളും ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും യുക്രൈന്‍ മണ്ണോട് ചെര്‍ന്നു കഴിഞ്ഞു. അതോടൊപ്പം 20,000 ത്തിനടുത്ത് റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ അവകാശപ്പെട്ടു. ഈ അവകാശവാദത്തെ ശരിവയ്ക്കുന്ന നീക്കമാണ് ഇപ്പോള്‍ റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. യുക്രൈന്‍ വംശജര്‍ക്കെതിരെ പോരാടാന്‍ റഷ്യയിലെ വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നാണ് പുടിന്‍ പുതിയ സൈനികരെ തെരഞ്ഞെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.