വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം സംസ്കരിച്ചു
പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം സംസ്കരിച്ചു. കുടപ്പനക്കുളം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്. മത്തായി മരിച്ച് 40 ദിവസത്തിന് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്.
ജൂലൈ 28നാണ് മത്തായിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 31നു കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു കൈമാറിയിരുന്നു. എന്നാൽ, മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച് കുടുംബം നടത്തിയ പോരാട്ടം ഇതിനോടകം ശ്രദ്ധേയമായി മാറുകയായിരുന്നു. സിബിഐ അന്വേഷണത്തിന് ഓഗസ്റ്റ് 21ന് ഹൈക്കോടതി ഉത്തരവായതിനു പിന്നാലെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാനും സിബിഐ തീരുമാനിച്ചു. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചതോടെ മൃതദേഹം ഇന്ന് സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.