കെഎസ്ആര്‍ടിസി ‘ആറാടുകയാണ്’; തുറന്ന ഡബിൾ ഡെക്കർ തയാര്‍, തലസ്ഥാന നഗരി കാണാന്‍ വായോ..!

0

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സായാഹ്ന രാത്രി കാഴ്ചകൾ ആസ്വദിക്കുവാൻ സഞ്ചാരികൾക്ക് അവസരമൊരുക്കി കെഎസ്ആര്‍ടിസി. തുറന്ന ഡബിൾ ഡെക്കർ ബസ്സിലിരുന്ന് നഗരക്കാഴ്ചകൾ കാണുവാനാണ് കെഎസ്ആർടിസി തിരുവനന്തപുരത്ത് അവസരം ഒരുക്കുന്നത്. മേൽക്കൂരയില്ലാത്ത ഡബിൾ ഡെക്കർ ബസ്സുകളുടെ മുകൾഭാഗത്ത് ഇരുന്ന് യാത്ര ചെയ്ത് വിശാലമായ ആകാശക്കാഴ്ചകളും നഗര കാഴ്ചകളും നേരിട്ട് കാണാം. കെഎസ്ആർടിസി ‘സിറ്റി റൈഡ് ‘എന്ന് നാമകരണം ചെയ്തിട്ടുള്ള സർവീസിൽ വിനോദസഞ്ചാരികൾക്ക് ഏറ്റവും ആകർഷണീയമായ രീതിയിൽ നഗരക്കാഴ്ചകൾ തടസ്സങ്ങളില്ലാതെ കാണാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഇനി മുകൾഭാഗം തുറന്ന ഡബിൾ ഡെക്കറിൽ യാത്ര ചെയ്യാം. വിദേശങ്ങളിൽ മാത്രം ലഭ്യമായിരുന്ന ഈ ദൃശ്യയാത്രാ അനുഭവം ഇനി അനന്തപുരിക്കും സ്വന്തമായെന്ന് മന്ത്രി പറഞ്ഞു. വൈകീട്ട് അഞ്ചുമുതല്‍ പത്തുമണി വരെയുള്ള നൈറ്റ് റൈഡിനും രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെയുള്ള ഡേ റൈഡിനും 200 രൂപയാണ് ഓഫര്‍ ടിക്കറ്റ് നിരക്ക്.

You might also like