വായ്പകളുടെ പലിശ നിരക്ക് ഉയർത്തി ബാങ്കുകൾ: ഇനി ഇഎംഐ ഉയരും
നിങ്ങൾ ഭവന വായ്പയോ വാഹന വായ്പയോ വ്യക്തിഗത വായ്പയോ എടുത്ത ഒരാളാണോ, അതും എസ്ബിഐ(SBI) , ബാങ്ക് ഓഫ് ബറോഡ(BOB), കൊടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് (Axis Bank) എന്നിവയിലേതെങ്കിലും നിന്നുമാണോ? എങ്കിൽ നിങ്ങൾക്ക് ഒരു നിരാശ വാർത്തയാണിത്. ഈ ബാങ്കുകൾ എല്ലാം വായ്പയുടെ പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചു. 0.10% വരെ വർദ്ധനവാണ് പലിശ നിരക്കിൽ ഉണ്ടാവുക.
ഇതോടെ വായ്പകളിൽ ഇഎംഐ നിരക്കിലും മാറ്റം ഉണ്ടാകും. മുൻനിര ബാങ്കുകളുടെ ഈ തീരുമാനം മറ്റു ബാങ്കുകളെയും സ്വാധീനിക്കും. വരും ദിവസങ്ങളിൽ മറ്റു ബാങ്കുകളും പലിശനിരക്ക് ഉയർത്തും. പുതുക്കിയ നിരക്കുകൾ ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവരുടെ വെബ്സൈറ്റിൽ ഔദ്യോഗികമായി അറിയിച്ചു.
ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവർ തങ്ങളുടെ പലിശ നിരക്ക് 0.05 ശതമാനമാണ് ഉയർത്തിയിരിക്കുന്നത്. പലിശ നിരക്കുകൾ വരും മാസങ്ങളിലും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊരു പ്രധാന കാരണം തുടർന്നുകൊണ്ടിരിക്കുന്ന റഷ്യ യുക്രൈൻ യുദ്ധം തന്നെയാണ്.