അബുദാബിയിൽ ബാല്‍ക്കണിയില്‍ വസ്‍ത്രങ്ങള്‍ ഉണക്കാനിട്ടാല്‍ 20,000 രൂപ പിഴ
അബുദാബി: അപ്പാര്‍ട്ട്മെന്റുകളുടെ ബാല്‍ക്കണികളിലും ജനലുകളിലും വസ്‍ത്രങ്ങള്‍ ഉണക്കാനിടുന്നതിനെതിരെ അബുദാബിയില്‍ മുനിസിപ്പാലിറ്റി അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികള്‍ നഗര സൗന്ദര്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. നഗരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനും അതിനായുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനെക്കുറിച്ച് ബോധവത്‍കരണം നല്‍കാനും ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് അബുദാബി മുനിസിപ്പാലിറ്റി.
ബാല്‍ക്കണികളില്‍ വസ്‍ത്രങ്ങള്‍ ഉണക്കാനിടുന്നത് 1000 ദിര്‍ഹം (20,000 ഇന്ത്യന്‍ രൂപ) പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് നേരത്തെ തന്നെ മുനിസിപ്പാലിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബാല്‍ക്കണികളിലും ജനലുകളിലും കൈപ്പിടികളിലും തുണികള്‍ ഉണക്കാനിടുന്നത് കെട്ടിടങ്ങളുടെ സൗന്ദര്യം ഇല്ലാതാക്കുമെന്നും അതുകൊണ്ടുതന്നെ അത് അനുവദിക്കില്ലെന്നും മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്‍താവന പറയുന്നു. ബാല്‍ക്കണികള്‍ ദുരുപയോഗം ചെയ്യാതെ നഗരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ താമസക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നാണ് നിര്‍ദേശം. തുണികള്‍ ഉണക്കാനായി ക്ലോത്ത് ഡ്രൈയിങ് റാക്കുകളോ, ഇലക്ട്രോണിക് ക്ലോത്ത് ഡ്രയറുകളോ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്