കല്‍പ്പറ്റയിൽ തെരുവുനായ ശല്യം; വിദ്യാർഥിക്ക് കടിയേറ്റു, ആശങ്കയിൽ രക്ഷിതാക്കളും സ്കൂൾ അധികൃതരും, നടപടി എന്ത്?

0

കല്‍പ്പറ്റ: ജില്ലാ ആസ്ഥാനത്തും പരിസര പ്രദേശങ്ങളിലും തെരുവ്‌ നായ ശല്യം രൂക്ഷമാകുന്നതിനെതിരെ നാട്ടുകാരും സംഘടനകളും രംഗത്ത്. തിങ്കളാഴ്ച സ്‌കൂളിലേക്ക് നടന്നു പോകവേ വിദ്യാര്‍ഥിനിക്ക് തെരുവു നായയുടെ കടിയേറ്റതോടെ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ആശങ്കയിലാണ്. തെരുവ്‌ നായ്ക്കളുടെ ശല്യം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ എസ് എസ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ അധികാരികള്‍ നഗരസഭക്ക് നിവേദനം നല്‍കി. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വൈത്തിരി വട്ടവയല്‍ മാളിയേക്കല്‍ എം എഫ് ജെസ്റ്റീനെ (17) യാണ് കഴിഞ്ഞ ദിവസം തെരുവ് നായ ആക്രമിച്ചത്. ബസിറങ്ങി സ്‌കൂളിലേക്ക് നടന്നു പോകവേ അഗ്‌നി രക്ഷാനിലയത്തിന്റെ എതിര്‍വശത്തായിരുന്നു സംഭവം. വലതു കൈയ്ക്കാണ് കടിയേറ്റത്. നായയുടെ ആക്രമണത്തിനിടെ വീണ് വലതു കാലിന്റെ മുട്ടിനും പരിക്ക് പറ്റി. വിവരമറിഞ്ഞ് സമീപത്ത് ഉണ്ടായിരുന്നവരും അഗ്‌നി രക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തി. അഗ്‌നി രക്ഷാസേനാംഗങ്ങളാണ് ജെസ്റ്റീനയെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. നായയെ പ്രദേശത്തുനിന്നുതന്നെ അഗ്‌നി രക്ഷാസേനാംഗങ്ങള്‍ പിടികൂടി നഗരസഭാ അധികൃതര്‍ക്ക് കൈമാറി. നായയ്ക്ക് പേ വിഷ ബാധയുണ്ടോയെന്ന് പരിശോധിക്കാനായി പുക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് കൊണ്ടുപോയിരുന്നു.

You might also like