ആലപ്പുഴയെയും കൊച്ചിയെയും ഭീതിയിലാഴ്ത്തി കുറുവ സംഘം;വർഷം നീളുന്ന നിരീക്ഷണത്തിന് ശേഷം മോഷണം
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് കുറുവ സംഘം. ആലപ്പുഴയിലായിരുന്നു കുറുവ സംഘത്തെ ആദ്യം കണ്ടതെങ്കിലും എറണാകുളത്തും ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് സംശയം.
എറണാകുളം പറവൂരിലെ വീടുകളില്‍ മോഷണ ശ്രമം നടത്തിയത് കുറുവ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. ആലപ്പുഴയില്‍ പുന്നപ്ര തൂക്കുകുളത്തെത്തിയ കുറുവ സംഘത്തെ പിടികൂടാനുള്ള ശ്രമത്തില്‍ യുവാവിനെ സംഘം ആക്രമിക്കുകയും ചെയ്തിരുന്നു.
പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും അരപ്പവനോളം വരുന്ന മാലയും കുറുവ സംഘം മോഷ്ടിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ഭീതിയായി മാറിയ കുറുവ സംഘത്തിന്റെ രേഖ ചിത്രം വരയ്ക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
അക്രമത്തിനിരയായ തൂക്കുകുളം സ്വദേശി ബിപിന്‍ ബോസില്‍ നിന്ന് മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് പൊലീസിന്റെ തീരുമാനം. അക്രമിയുടെ മുഖം വ്യക്തമായി കണ്ടെന്ന് ബിപിന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് ബിപിനില്‍ നിന്ന് വിവരം തേടി രേഖ ചിത്രം വരയ്ക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.
കൊച്ചിയില്‍ ഏഴ് വീടുകളില്‍ മോഷ്ടാക്കളെത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പത്തോളം വീടുകളില്‍ കുറുവ സംഘമെത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ അറിയിക്കുന്നത്. ലഭിച്ച സിസിടിവി ദൃശ്യത്തില്‍ നിന്ന് കുറുവ സംഘത്തിന് സമാനമായ മോഷണ രീതിയാണ് ഇവര്‍ അവലംബിക്കുന്നതെന്നാണ് സംശയിക്കുന്നത്.
നിലവില്‍ പറവൂര്‍ മേഖലയില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ പ്രദേശത്ത് നൈറ്റ് പട്രോളിങ് ഉണ്ടായിരുന്നു. ഇന്നും അന്വേഷണമുണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്. സാധാരണഗതിയില്‍ കുറുവ സംഘം മോഷണത്തിന് വന്നാല്‍ ഒന്നും മോഷ്ടിക്കാതെ മടങ്ങാറില്ല.
എന്നാല്‍ ഇവിടെ ഒന്നും മോഷണം പോകാത്തത് കൊണ്ടാണ് വന്നത് കുറുവ സംഘമാണോയെന്ന് പൊലീസ് സംശയിക്കുന്നത്. പക്ഷേ, മോഷ്ടാക്കളുടെ വേഷം കുറുവ സംഘത്തിന്റേതായതിനാല്‍ അവര്‍ തന്നെയാണ് വന്നതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
അതേസമയം ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൊച്ചി ഡിസിപി കെ എസ് സുദര്‍ശന്‍ പറഞ്ഞു. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ബസ് സ്റ്റോപ്പുകളിലും റെയിവേ സ്റ്റേഷനിലുമടക്കം പെടോളിംഗ് വ്യാപിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മോഷണം നടത്തേണ്ട വീടുകളെ കുറിച്ച് കൃത്യമായി പഠിച്ച ശേഷം എത്തുന്നവരാണ് കുറുവ സംഘം. പകല്‍ അനുകൂല സാഹചര്യമുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഉരല്‍ നിര്‍മാണം, ചൂല്‍ വില്‍പ്പന, ഭിക്ഷാടനം, ആക്രിപെറുക്കല്‍, ധനസഹായ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി കുറുവ സംഘത്തിലെ സ്ത്രീകളുടെ സംഘം വീടുകളില്‍ കയറിയിറങ്ങും. തുടര്‍ന്ന് ഒരു വര്‍ഷത്തോളം കാത്തിരുന്ന ശേഷം മോഷണം നടത്തും.
മോഷണത്തിന് ആറ് മാസം മുമ്പ് തന്നെ ഇവര്‍ ക്യാമ്പ് ചെയ്ത സ്ഥലത്ത് നിന്നും മാറും. പിന്നീട് മടങ്ങിയെത്തി കവര്‍ച്ച നടത്തുന്നതാണ് കുറുവ സംഘത്തിന്റെ രീതി. ഇവര്‍ ക്യാമ്പ് ചെയ്ത സ്ഥലത്ത് നിന്ന് 10 കിലോമീറ്ററെങ്കിലും മാറിയായിരിക്കും കവര്‍ച്ച നടത്തുക. മദ്യപിച്ചായിരിക്കും കുറുവ സംഘം മോഷണത്തിനെത്തുന്നത്. കണ്ണുകള്‍ മാത്രം പുറത്ത് കാണാവുന്ന തരത്തില്‍ തോര്‍ത്ത് തലയില്‍ കെട്ടും. ഷര്‍ട്ട് ധരിക്കില്ല. നിക്കറോ, മുണ്ടോ ആയിരിക്കും വേഷം. ശരീരമാസകലം എണ്ണയും കരിയും തേക്കും. മോഷ്ടിക്കുന്നതിനിടയില്‍ പിടിക്കപ്പെട്ടാല്‍ പെട്ടെന്ന് പിടിവിടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
വീടുകളുടെ പിന്‍വാതിലിലൂടെയാണ് പൊതുവേ ഇവര്‍ അകത്തേക്ക് കടക്കുക. വീടിന് പുറത്ത് പൈപ്പില്‍ നിന്ന് വെള്ളം വീഴുന്നതിന്റെയും കുഞ്ഞിന്റെ കരച്ചിലോ കേള്‍പ്പിക്കും. തുടര്‍ന്ന് ശബ്ദം കേട്ട് പുറത്തിറങ്ങുന്ന വീട്ടുകാരെ അക്രമിച്ച ശേഷം അകത്തേക്ക് കയറും. ഇതിന് വേണ്ടിയുള്ള ആയുധങ്ങളും ഇവരുടെ കൈവശമുണ്ടാകും.
കുറുവയെന്നാണ് വിളിക്കുന്നതെങ്കിലും തമിഴ്‌നാട്ടില്‍ കുറുവ സംഘത്തെ നരിക്കുറുവയെന്നാണ് വിളിക്കുന്നത്. കമ്പം, ബോഡിനായ്ക്കന്നൂര്‍, കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളാണ് ഇവരുടെ കേന്ദ്രം. എന്നാല്‍ ഇക്കൂട്ടര്‍ നന്നായി മലയാളം സംസാരിക്കും. മോഷണം നടത്തുന്ന സ്ഥലത്ത് മലയാളം മാത്രമേ സംസാരിക്കുകയുള്ളു. മോഷണത്തില്‍ നിന്നും ഇവരെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീടുകള്‍ നല്‍കിയെങ്കിലും ഇപ്പോഴും ഇവര്‍ ഷെഡുകളിലാണ് താമസിക്കുന്നത്.