ഫ്രാൻസിസ് മാർപാപ്പയുടെ ദുബായ് സന്ദര്‍ശനം റദ്ദാക്കി

0

വത്തിക്കാന്‍ സിറ്റി: ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ ഫ്രാൻസിസ് മാർപാപ്പ, ദുബായിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 1- 3 തീയതികളില്‍ പാപ്പ ദുബായ് സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിരിന്നു. എന്നാല്‍ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പശ്ചാത്തലാത്തിലാണ് പാപ്പയുടെ സന്ദര്‍ശനം വത്തിക്കാന്‍ ഒഴിവാക്കിയിരിക്കുന്നത്. പരിശുദ്ധ പിതാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, യാത്ര ചെയ്യരുതെന്ന് ഡോക്ടർമാർ മാർപാപ്പയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഡോക്ടർമാരുടെ അഭ്യർത്ഥന ഖേദത്തോടെയാണ് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചതെന്നും തുടര്‍ന്നു യാത്ര റദ്ദാക്കുകയുമായിരിന്നുവെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഇന്നലെ ചൊവ്വാഴ്ച അറിയിച്ചു. ഏതെങ്കിലും രീതിയിൽ കോൺഫറൻസിൽ പങ്കെടുക്കാൻ മാര്‍പാപ്പ ശ്രമിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള സാധ്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. മാര്‍പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വത്തിക്കാൻ തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. റോമിലെ ജെമെല്ലി ഹോസ്പിറ്റൽ സിടി സ്കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് പാപ്പ കഴിഞ്ഞ ദിവസം വിധേയനായിരിന്നു.

You might also like