പുരോഗതിയുടെ റൺവേയിൽ എയർ ഇന്ത്യ; എയർ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കും

0

ദില്ലി: എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ ഏറ്റെടുത്തേക്കും. എയർ ഇന്ത്യ എക്സ്പ്രസുമായി എയർ ഏഷ്യ ഇന്ത്യയെ ലയിപ്പിക്കാനാണ് നീക്കം. പ്രവർത്തന ചെലവ് ചുരുക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഏറ്റെടുക്കലിന് അനുമതി തേടി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുകയാണ് എയർ ഇന്ത്യ.

എയർ ഏഷ്യ ഇന്ത്യയിൽ നിലവിൽ ടാറ്റ സൺസിന് 84 ശതമാനം ഓഹരിയുണ്ട്. മലേഷ്യൻ വിമാനക്കമ്പനി എയർ ഏഷ്യയാണ് 16 ശതമാനം ഓഹരി കൈയ്യാളുന്നത്. എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ഘട്ടത്തിൽ തന്നെ എയർ ഏഷ്യയുടെ ലയനം ഉണ്ടാകുമെന്ന് വാർത്തകളുണ്ടായിരുന്നു.

എയർ ഇന്ത്യയുടെയും എയർ ഏഷ്യയുടെയും മാനേജ്മെന്റുമായി ടാറ്റ സൺസിന്റെ എക്സിക്യുട്ടീവുകൾ ചർച്ച നടത്തി. ജീവനക്കാരുടെയും വിമാനങ്ങളുടെയും സംയോജനം അടക്കമുള്ള വിഷയങ്ങളിലായിരുന്നു ചർച്ച. കമ്പനിക്ക് പുറത്ത് നിന്നുള്ള വിദഗ്ദ്ധരുടെ കൂടെ അഭിപ്രായം ഇക്കാര്യത്തിൽ ടാറ്റ സൺസ് തേടിയിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ എയർ ഏഷ്യ ഇന്ത്യയിൽ 51 ശതമാനം ഓഹരിയായിരുന്നു ടാറ്റ സൺസിന് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ ടാറ്റ സൺസ് എയർ ഏഷ്യയിലെ കൂടുതൽ ഓഹരികൾ വാങ്ങി. വിസ്താര വിമാനക്കമ്പനിയും ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുണ്ട്. സിങ്കപ്പൂർ എയർലൈൻസുമായാണ് ടാറ്റ ഈ വിമാനക്കമ്പനിയിൽ ഉടമസ്ഥാവകാശം പങ്കിടുന്നത്. വിസ്താരയുടെ 51 ശതമാനം ഓഹരിയാണ് ടാറ്റയുടേത്.

You might also like