റോമിൽ വീനസിനെ മറികടന്നു അസരങ്ക, ഹാലപ്പിനും ജയം
ഡബ്യു.ടി. എ ടൂറിൽ റോം ഓപ്പണിൽ വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് യു.എസ് ഓപ്പൺ ഫൈനലിസ്റ്റ് ആയ വിക്ടോറിയ അസരങ്ക. സമീപകാലത്തെ തന്റെ ഏറ്റവും മികച്ച ഫോമിലുള്ള അസരങ്ക ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെയും രണ്ടാം സെറ്റ് 6-2 എന്ന സ്കോറിനും ജയിച്ച് ആണ് അവസാന 32 ലേക്ക് ഇടം നേടിയത്. ഹാർഡ് കോർട്ടിലെ മികവ് കളിമണ്ണ് കോർട്ടിലും തുടരാൻ ആവും അസരങ്കയുടെ ശ്രമം. സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം ജാസ്മിൻ പോളിനിയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു ആണ് ഒന്നാം സീഡ് സിമോണ ഹാലപ്പ് അവസാന പതിനാറിൽ ഇടം പിടിച്ചത്. 5 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 8 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ഹാലപ്പ് 6-3, 6-4 എന്ന സ്കോറിന് ആണ് മത്സരത്തിൽ ജയം കണ്ടത്.
അതേസമയം ആറാം സീഡ് ബെലിന്ത ബെനചിച് അവസാന പതിനാറിൽ എത്താതെ പുറത്ത് ആയി. സീഡ് ചെയ്യാത്ത ഡാൻക കോവിനിച് ആണ് സ്വിസ് താരത്തെ 6-3, 6-1 എന്ന നേരിട്ടുള്ള സ്കോറിന് അട്ടിമറിച്ചത്. സീഡ് ചെയ്യാത്ത മാഗ്ദ ലിനറ്റയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന പതിനൊന്നാം സീഡ് ബെൽജിയത്തിന്റെ എൽസി മെർട്ടൻസും അവസാന പതിനാറിലേക്ക് മുന്നേറി. 6-2, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു മെർട്ടൻസിന്റെ ജയം. പത്താം സീഡ് എലേന റൈബാകിനയും അവസാന പതിനാറിൽ എത്തി. നാട്ടുകാരിയായ ബാർബൊറ സ്‌ട്രൈക്കോവയെ 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്ന ചെക് റിപ്പബ്ലിക് താരവും രണ്ടാം സീഡുമായ കരോളിന പ്ലിസ്കോവയും അവസാന പതിനാറിലേക്ക് മുന്നേറി.