ഐപിഎല്‍ 2023: രോഹിത്തല്ല, മുംബൈയെ മറ്റൊരാള്‍ നയിക്കും; സര്‍പ്രൈസ് നീക്കം!
അഞ്ച് തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നത് ഒരു വലിയ സീസണാണ്. കഴിഞ്ഞ രണ്ട് സീസണുകളില്‍ പ്ലേ ഓഫിലേക്ക് മുന്നേറാന്‍ പരാജയപ്പെട്ട ടീം ഇത്തവണ മികച്ചൊരു തിരിച്ചുവരവാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നിരുന്നാലും, ഈ വര്‍ഷാവസാനം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിന് മുന്‍ഗണന നല്‍കാനുള്ള നീക്കത്തിലാണ് രോഹിത്.
ഇതിന്റെ ഭാഗമായി ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഈ സീസണിലെ കുറച്ച് മത്സരങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ സഹതാരം സൂര്യകുമാര്‍ യാദവ് മുംബൈയെ നയിക്കുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐപിഎല്‍ 2023 ഫൈനലിന് ഒരാഴ്ചയ്ക്ക് ശേഷം ലണ്ടനിലെ ഓവലില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുകയും ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ 50 ഓവര്‍ ലോകകപ്പ് സ്വദേശത്ത് ഷെഡ്യൂള്‍ ചെയ്യുകയും ചെയ്യുന്നതോടെ ഇന്ത്യക്ക് ഒരു തിരക്കിട്ട അന്താരാഷ്ട്ര ഷെഡ്യൂളാണ് മുന്നില്‍. അതാണ് ഇത്തരമൊരു നീക്കത്തിന് രോഹിത്തിനെ പ്രേരിപ്പിച്ചത്.
റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് രോഹിത് ഈ സീസണില്‍ തിരഞ്ഞെടുത്ത ചില മത്സരങ്ങള്‍ മാത്രമേ കളിക്കൂ. എന്നിരുന്നാലും രോഹിത് ടീമിനൊപ്പം യാത്ര ചെയ്യും. കളിക്കാത്തപ്പോള്‍ ഡഗൗട്ടില്‍ നിന്ന് സൂര്യകുമാറിന് നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഈ മാസം 31 നാണ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കാമാകുക. ഏപ്രില്‍ രണ്ടിന് ആര്‍സിബിക്കെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.